കൊച്ചി മലയിടംതുരുത്ത് കുടിയൊഴിപ്പിക്കലില്‍ കുടുംബങ്ങള്‍ നേരിടുന്ന പ്രശ്‌നം ഹൈക്കോടതിയെ അറിയിക്കുമെന്ന് മന്ത്രി റോജി എം ജോണ്‍. നാളെ കുടിയൊഴിപ്പിക്കല്‍ ഉണ്ടാകില്ലെന്ന് അദ്ദേഹം അറിയിച്ചു. കോടതി വിധി കുടുംബങ്ങള്‍ക്ക് പ്രതികൂലമായി വരികയാണെങ്കില്‍ ന്യായമായ പുനരധിവാസ പാക്കേജ് നടപ്പിലാക്കും. കോടതി ഉത്തരവ് വരുന്നതുവരെ ഇതില്‍ തുടര്‍നടപടികള്‍ ഉണ്ടാകില്ലെന്ന് മന്ത്രി ഈ കുടുംബങ്ങള്‍ക്ക് ഉറപ്പുനല്‍കി. സമവായ ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിഷയം തിങ്കളാഴ്ച കോടതിയില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ ശ്രമിക്കുമെന്നാണ് റോജി എം ജോണ്‍ അറിയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നേരിട്ട് കാര്യങ്ങള്‍ കോടതിയില്‍ ബോധിപ്പിക്കും. അതുവരെ നടപടികള്‍ നിര്‍ത്തിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. അതുവരെ പൊലീസിന്റെ ഭാഗത്തുനിന്ന് യാതൊരു നീക്കങ്ങളും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എറണാകുളം കളക്ട്രേറ്റിലാണ് സമവായ ചര്‍ച്ചകള്‍ നടന്നത്. എന്നാല്‍ എന്തുവന്നാലും പ്രദേശത്ത് നിന്ന് മാറില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കുടുംബങ്ങള്‍.

അതേസമയം മന്ത്രി റോജിയുടേത് വാക്കാലുള്ള ഉറപ്പുകള്‍ മാത്രമെന്ന് മുന്‍ എംഎല്‍എ പി വി ശ്രീനിജന്‍ ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ വിമര്‍ശനം ഉന്നയിച്ചു. പൊലീസ് വരാതിരിക്കാന്‍ നിയമപരമായി യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. നാളെ വീണ്ടും അഭിഭാഷക കമ്മീഷന്‍ വരുമെന്നാണ് കരുതുന്നത്. ജനകീയ സമിതി ഇതിനെ പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ചര്‍ച്ചയില്‍ തൃപ്തിയുണ്ടെന്ന് കുടുംബങ്ങള്‍ അറിയിച്ചു.