മുന്‍ മോഡലും നടിയുമായ ട്വിഷാ ശര്‍മ്മയുടെ ഭര്‍ത്താവ് സമര്‍ത്ഥ് സിംഗിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ജബല്‍പൂര്‍ ഹൈക്കോടതിയിലെ നാടകീയ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് പ്രതിയെ പിടികൂടിയത്. ട്വിഷയുടെ ദുരൂഹ മരണത്തില്‍ അന്വേഷണം മധ്യപ്രദേശ് സര്‍ക്കാര്‍ സിബിഐക്ക് വിട്ടു.

നടി ട്വിഷാ ശര്‍മ്മയുടെ മരണവുമായി ബന്ധപ്പെട്ട സ്ത്രീധന പീഡനക്കേസില്‍ പ്രതിയായ ഭര്‍ത്താവ് സമര്‍ത്ഥ് സിങ്ങിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത്. കീഴടങ്ങാനുള്ള ആഗ്രഹം സമര്‍ത്ഥ് സിങ് ജബല്‍പൂര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് പ്രതി കോടതിയില്‍ എത്തിയെങ്കിലും ഭോപ്പാലിലുള്ള വിചാരണ കോടതിയില്‍ പോയി കീഴടങ്ങാന്‍ ആയിരുന്നു ജഡ്ജി ആവശ്യപ്പെട്ടത്. ഇതോടെ കോടതി വളപ്പില്‍ തമ്പടിച്ച പോലീസ് സമര്‍ഥിനെപിടികൂടി.

നേരത്തെ പ്രതിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പ്രഖ്യാപിച്ചിരുന്ന പാരിതോഷികം പതിനായിരത്തില്‍ നിന്നും മുപ്പതിനായിരം രൂപയായി ഭോപ്പാല്‍ പോലീസ് വര്‍ധിപ്പിച്ചിരുന്നു. അതേസമയം, ട്വിഷയുടെ മൃതദേഹം റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന കുടുംബത്തിന്റെ ആവശ്യം മധ്യപ്രദേശ് ഹൈക്കോടതി അനുവദിച്ചു. ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ഭോപ്പാല്‍ വെച്ചാണ് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തുക. സമര്‍ഥ് സിംഗിന്റെ മാതാവിന് വിചാരണ കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി തിങ്കളാഴ്ച വാദം കേള്‍ക്കുന്നത് തുടരും. അതിനിടെ കേസില്‍ ഇടപെട്ട മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു.