ഓൺലൈൻ ഷെയർ ട്രേഡിങ്ങിലൂടെ അമിത ലാഭം വാഗ്ദാനം ചെയ്ത് തിരുവനന്തപുരം കടകംപള്ളി സ്വദേശിയിൽ നിന്ന് ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യ സൂത്രധാരൻ പാലക്കാട് കണ്ണാടി സ്വദേശി രമേശ് (47) ആണ് അറസ്റ്റിലായത്.

യുവാവിൽ നിന്ന് ഘട്ടംഘട്ടമായി 1,19,83,304 രൂപ തട്ടിയെടുത്ത കേസിൽ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസ് പാലക്കാട് സ്വദേശിയെ അറസ്റ്റ് ചെയ്തു.

യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഇൻവെസ്റ്റ്‌മെന്റ് കമ്പനിയാണെന്ന വ്യാജേന ​സോഷ്യൽ മീഡിയ വഴിയാണ് തട്ടിപ്പുകാർ കടകംപള്ളി സ്വദേശിയുമായി സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് ഓൺലൈൻ ട്രേഡിങ്ങിൽ നിക്ഷേപിച്ചാൽ ഇരട്ടിയിലധികം ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചു. ​വിശ്വാസ്യത വർദ്ധിപ്പിക്കാനായി യഥാർത്ഥ സ്റ്റോക്ക് മാർക്കറ്റ് ട്രേഡിങ്ങിന് സമാനമായ മൊബൈൽ ആപ്ലിക്കേഷനുകളും വാട്സാപ്പ് ഗ്രൂപ്പുകളും ഇവർ ഉപയോഗിച്ചിരുന്നു. ഇതിൽ വഞ്ചിതനായ കടകംപള്ളി സ്വദേശി തട്ടിപ്പുകാർ നിർദ്ദേശിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് ഓൺലൈൻ വഴി പണം കൈമാറുകയായിരുന്നു. തുടർന്ന് ലാഭവിഹിതമോ നിക്ഷേപിച്ച തുകയോ തിരികെ ലഭിക്കാതെ വന്നതോടെയാണ് പരാതി നൽകിയത്.

സൈബർ കുറ്റകൃത്യങ്ങൾ വ്യാപകമാകുന്നതിന്റെ അടിസ്ഥാനത്തിൽ കേസ്സ് തിരുവന്തപുരം സിറ്റി പോലീസ് കമ്മിഷണരുടെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണസംഗം രൂപികരിച്ച് അന്വേഷണം ആരംഭിച്ചത്.

ബാങ്ക് ഇടപാടുകളുടെ രേഖകളും മൊബൈൽ ടവർ ലൊക്കേഷനുകളും കേന്ദ്രീകരിച്ച് നടത്തിയ അത്യാധുനിക സൈബർ അന്വേഷണത്തിലൂടെയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് തട്ടിപ്പിനായി ഉപയോഗിച്ച നിരവധി മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകൾ, വ്യാജ രേഖകൾ എന്നിവ പോലീസ് പിടിച്ചെടുത്തു.

തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ കെ. കാർത്തിക് ന്റെ നിർദ്ദേശപ്രകാരം ഡിസിപി തപോഷ് ബസുമതാരിയുടെ മേൽനോട്ടത്തിൽ സൈബർ ക്രൈം എ.സി.പി ഷാജി എം .കെ ഇൻസ്പെക്ടർ ഷെറി എ.കെ, സിവിൽ പോലീസ് ഓഫീസർമാരായ വിപിൻ, അഖിൽ എസ് രവീന്ദ്രൻ, നസീം എന്നിവരാണ് അന്വഷണസംഘത്തിൽ ഉണ്ടായിരുന്നത്

അപരിചിതർ വാട്സാപ്പ്, ടെലിഗ്രാം ഗ്രൂപ്പുകൾ വഴി നൽകുന്ന വൻ ലാഭ വാഗ്ദാനങ്ങളിൽ വീഴരുത്, സെബി (SEBI) അംഗീകൃത ബ്രോക്കർമാർ വഴി മാത്രം ട്രേഡിങ്ങ് നടത്തുക.

ഇത്തരം സൈബർ തട്ടിപ്പുകൾക്കിരയായാൽ ഉടൻ തന്നെ 1930 എന്ന നമ്പറിലോ www.cybercrime.gov.in സൈബർ ക്രൈം പോർട്ടൽ വഴിയോ വിവരം അറിയിക്കുക.