ആഗോള സൈനിക മേധാവിത്വത്തില്‍ നിര്‍ണ്ണായകമായ മാറ്റത്തിനൊരുങ്ങി അമേരിക്കന്‍ പ്രതിരോധ വകുപ്പ്. ചെലവേറിയതും അത്യാധുനികവുമായ ആയുധങ്ങള്‍ക്ക് പകരം, യുദ്ധമുഖത്ത് നഷ്ടപ്പെട്ടാലും സാമ്പത്തികമായി വലിയ ബാധ്യതയുണ്ടാക്കാത്ത ‘മാസ്സ് പ്രൊഡക്ഷന്‍’ആയുധങ്ങളിലേക്ക് യു.എസ് ശ്രദ്ധ തിരിക്കുന്നു.
റഷ്യ, ചൈന തുടങ്ങിയ തുല്യശക്തികളായ ശത്രുക്കളെ നേരിടാന്‍ ആയുധങ്ങളുടെ ഗുണമേന്മയേക്കാള് അവയുടെ എണ്ണത്തിന് മുന്‍ഗണന നല്കുന്ന ഒരു പുതിയ യുദ്ധതന്ത്രത്തിലേക്കാണ് അമേരിക്ക നീങ്ങുന്നത്. ഉക്രെയ്നിലും ഇറാനിലും നടന്ന യുദ്ധങ്ങളില്‍ നിന്ന് ഉള്‍ക്കൊണ്ട കനത്ത പാഠങ്ങളാണ് അമേരിക്കയുടെ ഈ പെട്ടെന്നുള്ള മനം മാറ്റത്തിന് പിന്നില്‍. ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന തീവ്രമായ പോരാട്ടങ്ങളില്‍ വിജയിക്കാന്‍ വന്‍തോതില്‍ ഉല്പാദിപ്പിക്കാന് കഴിയുന്നതും ചെലവ് കുറഞ്ഞതുമായ ആയുധങ്ങളാണ് ആവശ്യമെന്ന് പെന്റഗണ്‍ തിരിച്ചറിഞ്ഞതാണ് ഇതിന് കാരണം.
അളവിനും അതിന്റേതായ ഗുണമേന്മയുണ്ട് എന്ന ജോസഫ് സ്റ്റാലിന്റെ പ്രസിദ്ധമായ വചനങ്ങളെ ഓര്‍മ്മിപ്പിക്കുന്നതാണ് പെന്റഗണിന്റെ പുതിയ നീക്കങ്ങള്‍. ഇറാനുമായി നടന്ന യുദ്ധത്തിലുണ്ടായ കനത്ത സാമ്പത്തിക നഷ്ടമാണ് യു.എസിനെ ഇരുത്തിച്ചിന്തിപ്പിച്ചത്. വെറും 20,000 മുതല്‍ 35,000 വരെ ഡോളര്‍ മാത്രം നിര്‍മ്മാണച്ചെലവുള്ള ഇറാന്റെ ‘ഷാഹെദ്’ ഡ്രോണുകളെ പ്രതിരോധിക്കാന്‍ അമേരിക്ക ഉപയോഗിച്ചത് ഓരോന്നിനും 40 ലക്ഷം ഡോളര്‍ (ഏകദേശം 33 കോടി രൂപ) വിലവരുന്ന പേട്രിയറ്റ് മിസൈലുകളാണ്. കുറഞ്ഞ ചെലവിലുള്ള ഡ്രോണ്‍ ആക്രമണങ്ങളെ നേരിടാന്‍ വിലകൂടിയ മിസൈലുകള്‍ ഉപയോഗിക്കുന്നത് വഴി യു.എസിന്റെ ആയുധശേഖരം വേഗത്തില്‍ തീര്‍ന്നുപോകുകയും പ്രതിരോധം ദുര്‍ബലമാകുകയും ചെയ്യുന്നുവെന്ന് പെന്റഗണ്‍ വിലയിരുത്തുന്നു.
യു.എസ് വ്യോമസേനയുടെ അഭിമാനമായിരുന്ന എം.ക്യു-9 റീപ്പര്‍ ഡ്രോണുകള്‍ ഇറാന് വ്യാപകമായി വെടിവെച്ചിട്ടത് അമേരിക്കയ്ക്ക് വലിയ തിരിച്ചടിയായി. ഒരു യൂണിറ്റിന് 3.5 കോടി ഡോളറിലധികം (ഏകദേശം 290 കോടി രൂപ) വിലയുള്ള 24 റീപ്പര്‍ ഡ്രോണുകളാണ് ഇറാന് തകര്‍ത്തത്. ഇതിലൂടെ മാത്രം അമേരിക്കയ്ക്ക് 800 ദശലക്ഷം ഡോളറിന്റെ നഷ്ടമുണ്ടായി. ഇതോടൊപ്പം യമനിലെ ഹൂതികളും ഇത്തരത്തിലുള്ള ഏഴ് ഡ്രോണുകള്‍ തകര്‍ത്തിരുന്നു. പെന്റഗണിന്റെ പുതിയ കര്‍മ്മ പദ്ധതി ഈ പ്രതിസന്ധി മറികടക്കാന്‍ വരും വര്‍ഷങ്ങളില്‍ വന്‍തോതിലുള്ള ആയുധ നിര്‍മ്മാണത്തിനാണ് യു.എസ് പദ്ധതിയിടുന്നത്.
അടുത്ത 3 വര്‍ഷത്തിനുള്ളില്‍ റീപ്പര്‍ ഡ്രോണുകള്‍ക്ക് പകരമായി, യുദ്ധമുഖത്ത് നഷ്ടപ്പെട്ടാലും വ്യോമസേനയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത തരത്തിലുള്ള, ആധുനിക നിര്‍മ്മാണ രീതികള്‍ ഉപയോഗിച്ച് വേഗത്തില്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന ഫ്ലെക്സിബിള്‍ ഡ്രോണുകള്‍ വികസിപ്പിക്കാന്‍ പെന്റഗണ്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ചെറുകിട കമ്പനികള്‍ക്ക് മുന്‍ഗണന ലോക്ക്ഹീഡ് മാര്ട്ടിന്, ബോയിംഗ് തുടങ്ങിയ പരമ്പരാഗത പ്രതിരോധ വമ്പന്മാര്ക്ക് പകരം ‘ആന്‍ഡുറില്‍’, ‘ലെയ്ഡോസ്’ തുടങ്ങിയ പുത്തന്‍ സാങ്കേതിക കമ്പനികളുമായാണ് പെന്റഗണ്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നത്.
ചെറുകിട നവീന കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നത് വഴി പ്രതിരോധ മേഖലയില്‍ മത്സരം കൂട്ടാനും ആയുധങ്ങളുടെ വില ഗണ്യമായി കുറയ്ക്കാനും കഴിയുമെന്നാണ് കണക്കുകൂട്ടല്‍. പുതിയ തന്ത്രത്തിന്റെ ഭാഗമായുള്ള ആയുധങ്ങള്‍ 2027 മുതല്‍ യു.എസ് സൈന്യത്തിന്റെ ഭാഗമായി തുടങ്ങും.



