മിഡില്‍ ഈസ്റ്റിലെ സമാധാന ചര്‍ച്ചകള്‍ പ്രതിസന്ധിയിലായിരിക്കെ, യുദ്ധം അവസാനിപ്പിക്കാനുള്ള ഇറാന്റെ പുതുക്കിയ നിര്‍ദ്ദേശം പാകിസ്ഥാന് അമേരിക്കയ്ക്ക് കൈമാറി. മധ്യസ്ഥനായ പാകിസ്ഥാന് വഴി തങ്ങളുടെ നിലപാടുകള്‍ യുഎസ് പക്ഷത്തെ അറിയിച്ചതായി ഇറാന് വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായേല്‍ ബഗായി സ്ഥിരീകരിച്ചു.
ഇരുരാജ്യങ്ങളും തങ്ങളുടെ ആവശ്യങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ടിരിക്കുന്നതിനാല്‍ വിടവുകള്‍ നികത്താന്‍ കൂടുതല്‍ സമയമില്ലെന്നാണ് പാകിസ്ഥാന് വൃത്തങ്ങള്‍ നല്കുന്ന സൂചന. ഇറാനുമായുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നിലവില്‍ ഐസിയുവിലാണെന്ന തരത്തില്‍ കഴിഞ്ഞ ആഴ്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചിരുന്നു. യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് നിര്‍ദ്ദേശത്തോട് ടെഹ്റാന് വ്യക്തമാക്കിയ നിലപാടുകളില്‍ ഇരുപക്ഷവും തമ്മില്‍ ഇപ്പോഴും വലിയ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
തര്‍ക്കവിഷയങ്ങളും ഇറാന്റെ ആവശ്യങ്ങളും:
ആണവ പദ്ധതിയും ഹോര്‍മുസ് കടലിടുക്കും: ഇറാന്റെ ആണവ അഭിലാഷങ്ങളും ലോകത്തിലെ എണ്ണ-ദ്രവീകൃത പ്രകൃതിവാതക ഗതാഗതത്തിന്റെ അഞ്ചിലൊന്ന് കൈകാര്യം ചെയ്യുന്ന ഹോര്‍മുസ് കടലിടുക്കിന്മേലുള്ള അവരുടെ നിയന്ത്രണവുമാണ് ചര്‍ച്ചകളെ തടസ്സപ്പെടുത്തുന്ന പ്രധാന വിഷയങ്ങള്‍.
പൂര്‍ണമായ യുദ്ധ വിരാമം: ഇസ്രായേല്‍ പോരാടുന്ന ലെബനന് ഉള്‍പ്പെടെയുള്ള എല്ലാ മുന്നണികളിലും യുദ്ധം അവസാനിപ്പിക്കണമെന്ന് ഇറാന് ആവശ്യപ്പെടുന്നു. ശത്രുതയുടെ സ്ഥിരമായ അന്ത്യം ഉണ്ടാകുന്നതുവരെ തങ്ങളുടെ ആണവ പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യില്ലെന്നാണ് ടെഹ്റാന്റെ നിലപാട്.
മറ്റ് നിബന്ധനകള്‍: യുദ്ധ നഷ്ടത്തിന് പരിഹാരം കാണുക, യുഎസ് ഏര്‍പ്പെടുത്തിയ നാവിക ഉപരോധം അവസാനിപ്പിക്കുക, ഭാവിയില്‍ ആക്രമണങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കുക, ഇറാനിയന്‍ എണ്ണ വില്‍പ്പന പുനരാരംഭിക്കാന്‍ അനുവദിക്കുക എന്നിവയും ഇറാന്റെ ആവശ്യങ്ങളില്‍ ഉള്‍പ്പെടുന്നു.
ഏതു സാഹചര്യത്തെയും നേരിടാന്‍ ടെഹ്റാന് സജ്ജമാണെന്ന് വ്യക്തമാക്കിയ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായേല്‍ ബഗായി, എതിര്പക്ഷത്തുനിന്നുണ്ടാകുന്ന ചെറിയൊരു തെറ്റിന് പോലും ഉചിതമായ രീതിയില്‍ മറുപടി നല്കാന് തങ്ങള്‍ക്ക് അറിയാമെന്നും മുന്നറിയിപ്പ് നല്കി.



