2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ പ്രതികളായ ഉമർ ഖാലിദിനും ഷർജിൽ ഇമാമിനും ജാമ്യം നിഷേധിച്ചതിൽ സുപ്രീം കോടതിയുടെ വിമർശനം .കുറ്റം എത്ര വലുതായാലും വിചാരണ വൈകിപ്പിക്കുന്ന പക്ഷം തടവുകാരന് ജാമ്യം നൽകുകയെന്നത് സ്വാഭാവിക നീതിയാണെന്ന് ജസ്റ്റിസ് ബി.വി. നാഗരത്‌ന അഭിപ്രായപ്പെട്ടു. ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ ഒരു വർഷത്തേക്ക് വീണ്ടും അപേക്ഷിക്കാനാകില്ലെന്ന വ്യവസ്ഥയെയും കോടതി വിമർശിച്ചു.

53 പേർ കൊല്ലപ്പെടുകയും 700-ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്ത കലാപവുമായി ബന്ധപ്പെട്ട് യുഎപിഎ പ്രകാരമാണ് ഇരുവരെയും ഗൂഢാലോചന കേസിൽ പ്രതികളാക്കിയത്.അതേ കേസിൽ മറ്റൊരു പ്രതിയായ സയ്യിദ് ഇഫ്തികർ ആൻഡ്രാബിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ഈ നിരീക്ഷണം ഉണ്ടായത്.ലഹരിമരുന്ന് വിതരണം ചെയ്ത് ഭീകരർക്ക് ധനസഹായം നൽകി എന്നാണ് ആൻഡ്രാബിക്ക് എതിരെ ചുമത്തിയ കുറ്റം.