ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോർട്ട് പ്രകാരം കോവിഡ്-19 മഹാമാരി ലോകത്ത് വിതച്ച നാശം, ഔദ്യോഗിക കണക്കുകളേക്കാൾ മൂന്നിരട്ടി കൂടുതലാണ് . ‘വേൾഡ് ഹെൽത്ത് സ്റ്റാറ്റിസ്റ്റിക്‌സ് 2026’ റിപ്പോർട്ടിൽ ,2020 മുതൽ 2023 വരെയുള്ള കാലയളവിൽ ലോകത്താകെ ഏകദേശം 2.21 കോടിയിലധികം മനുഷ്യർ ഈ രോഗം മൂലം മരിച്ചെന്നാണ് കണക്കുകൾ. ലോകത്തെ വിവിധ രാജ്യങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടത് പ്രകാരം 70 ലക്ഷം പേർ കോവിഡ് രോഗബാധ മൂലം മരിച്ചെന്നായിരുന്നു ഇതുവരെയുള്ള കണക്കുകൾ
കോവിഡ് ബാധിച്ച് ചികിത്സ ലഭിക്കാതെ മരിച്ചവരെയും ഈ കണക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ മരണങ്ങൾ ഉണ്ടായ വർഷം 2021 ആയിരുന്നു. വൈറസിന്റെ അപകടകാരികളായ വകഭേദങ്ങൾ പടർന്നുപിടിച്ച 2021-ൽ മാത്രം 1.04 കോടിയിലധികം ആളുകൾക്ക് ജീവൻ നഷ്ട്ടപ്പെട്ടു. സ്ത്രീകളേക്കാൾ 50 ശതമാനം അധികം പുരുഷന്മാരാണ് ഈ കാലയളവിൽ മരിച്ചതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ലോകത്തിന്റെ ആരോഗ്യ പുരോഗതിയെ ഈ മഹാമാരി ഒരു പതിറ്റാണ്ടോളം പുറകോട്ട് വലിച്ചെന്നും റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ആഗോളതലത്തിൽ ആയുർദൈർഘ്യത്തിലും ആരോഗ്യനിലവാരത്തിലും കൈവരിച്ച നേട്ടങ്ങളെല്ലാം 2021-ഓടെ ഇല്ലാതായി. രോഗം ബാധിച്ചവരിൽ 85 വയസ്സിനു മുകളിലുള്ളവരുടെ മരണനിരക്ക് യുവാക്കളേക്കാൾ പത്തിരട്ടിയാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു



