കാസർഗോഡ് പടുപ്പിൽ വേനൽമഴയ്ക്കിടെയുണ്ടായ ഇടിമിന്നലിൽ വ്യാപക നാശനഷ്ടം. തട്ടുമ്മൽ സ്വദേശികളായ ഗോപാലൻ – രുഗ്മിണി ദമ്പതികളുടെ വീടിനാണ് മിന്നലേറ്റ് വലിയ തോതിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചത്. വീട്ടിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും വലിയൊരു ദുരന്തം തലനാരിഴയ്ക്കാണ് ഒഴിവായത്. വീടിനുള്ളിലെ മുഴുവൻ ഇലക്ട്രിക് വയറിങ്ങും കത്തിക്കരിഞ്ഞു. ബൾബുകൾ പൊട്ടിത്തെറിച്ചു. സ്വിച്ച് ബോർഡുകൾ തെറിച്ചുപോയ നിലയിലാണ്. മിന്നലിന്റെ ആഘാതത്തിൽ വീടിന്റെ അടുക്കള ഭാഗത്തെ ഓടുകൾ പൊട്ടിത്തെറിച്ചിട്ടുണ്ട്.
അതേസമയം, മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് 4 വിദ്യാർഥികൾ മരിച്ചു. പന്തല്ലൂര്‍ മലയിലാണ് അപകടമുണ്ടായത്. വ്യൂ പോയിൻറ് സന്ദർശനത്തിനിടെയാണ് ഏഴ് വിദ്യാർഥികൾക്ക് ഇടിമിന്നലേറ്റത്. പരുക്കേറ്റ മൂന്ന് വിദ്യാർഥികളെ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. മരിച്ചവരുടെ പൊതുദർശനം നാളെ നടക്കും.



