നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ മുഖ്യസൂത്രധാരനെന്ന് കരുതുന്ന മനീഷ് യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യപേപ്പർ വിതരണം ചെയ്തതായി ആരോപിക്കപ്പെടുന്ന രാകേഷ് മണ്ഡാവരിയെയും പിടികൂടിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് അഞ്ച് ജില്ലകളിൽ നിന്നായി ഇതുവരെ ഒമ്പത് പേരെ അറസ്റ്റ് ചെയ്തതായി അന്വേഷണ സംഘം അറിയിച്ചു.
സംഭവത്തിൽ സിബിഐയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ ചോദ്യപേപ്പർ ചോർന്നുവെന്ന പരാതിയെ തുടർന്ന് മെയ് 3-ന് നടന്ന നീറ്റ്-യുജി പരീക്ഷ നാഷണൽ ടെസ്റ്റിങ് ഏജൻസി റദ്ദാക്കിയിരുന്നു. 24 ലക്ഷത്തോളം വിദ്യാർഥികൾ എഴുതിയ പരീക്ഷയാണ് റദ്ദാക്കിയത്. പുതിയ പരീക്ഷാ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് എൻടിഎ അറിയിച്ചു.
പരീക്ഷ കഴിഞ്ഞ് നാല് ദിവസങ്ങൾക്ക് ശേഷമാണ് ക്രമക്കേടുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. രാജസ്ഥാനിലെ സിഖറിൽ പരീക്ഷയ്ക്ക് മുമ്പ് വിദ്യാർഥികൾക്കിടയിൽ പ്രചരിച്ച മാതൃകാ ചോദ്യപേപ്പറിനും യഥാർഥ ചോദ്യപേപ്പറിനും വലിയ സാമ്യമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
720 മാർക്കിന്റെ പരീക്ഷയിൽ ഏകദേശം 600 മാർക്കിന്റെ ചോദ്യങ്ങൾ മുൻകൂട്ടി പ്രചരിച്ചുവെന്നും നിരവധി ചോദ്യങ്ങളിലെ ഉത്തര ഓപ്ഷനുകളുടെ ക്രമം വരെ ഒരുപോലെയാണെന്നും അന്വേഷണ സംഘം കണ്ടെത്തി. 20,000 രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെ വാങ്ങിയാണ് ചോദ്യപേപ്പർ വിദ്യാർഥികൾക്ക് വിറ്റതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
ജിപിഎസ് ട്രാക്കിങ് വാഹനങ്ങൾ, സിസിടിവി നിരീക്ഷണം, ബയോമെട്രിക് പരിശോധന, 5ജി ജാമറുകൾ എന്നിവ ഉൾപ്പെടെയുള്ള കർശന സുരക്ഷാ സംവിധാനങ്ങളോടെയാണ് പരീക്ഷ നടത്തിയിരുന്നത്. എന്നിട്ടും ചോദ്യപേപ്പർ ചോർന്നുവെന്ന ആരോപണം പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്ന് വിമർശനങ്ങൾ ഉയരുന്നു.



