ചിറകിൽ തീ കണ്ടതിനെത്തുടർന്ന് ഇത്തിഹാദ് എയർവേയ്സിൻ്റെ ചെന്നൈ-അബുദാബി വിമാനം റദ്ദാക്കി. വിമാനം പുറപ്പെടാൻ തയ്യാറെടുക്കുന്നതിനിടെയാണ് പൈലറ്റുമാരുടെ ശ്രദ്ധയിൽ തീപിടുത്തംപ്പെട്ടത്. വലിയൊരു അപകടം ഒഴിവായതിൻ്റെ ആശ്വാസത്തിലാണ് യാത്രക്കാരും അധികൃതരും.

വിമാനം റൺവേയിലേക്ക് നീങ്ങാൻ തയ്യാറെടുക്കുന്നതിനിടെയാണ് ചിറകിൻ്റെ ഭാഗത്ത് തീ പടരുന്നത് പൈലറ്റുമാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ വിവരം കൺട്രോൾ റൂമിൽ അറിയിക്കുകയും അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ പൂർണ്ണമായും അണയ്ക്കുകയും ചെയ്തു. വിമാനത്തിൻ്റെ സുരക്ഷാ പരിശോധനകൾ പൂർത്തിയാകാത്ത സാഹചര്യത്തിൽ യാത്ര റദ്ദാക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.

സംഭവം നടക്കുമ്പോൾ വിമാനത്തിൽ 280 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവരെ എല്ലാവരെയും ഒരു പരിക്കും കൂടാതെ സുരക്ഷിതമായി പുറത്തെത്തിക്കാൻ സാധിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. അടിയന്തര സാഹചര്യത്തിൽ യാത്രക്കാർക്കിടയിൽ പരിഭ്രാന്തിയുണ്ടായെങ്കിലും കൃത്യസമയത്ത് നടപടികൾ സ്വീകരിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. സാങ്കേതിക തകരാറാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ തീപിടുത്തത്തിന് പിന്നിലെന്ന് വ്യക്തമാകാൻ വിശദമായ അന്വേഷണം നടത്തുമെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി.