കോഴിക്കോട്: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച അനന്തമായി നീളുന്നതിനിടെ ഷാഫി പറമ്പിൽ എംപിക്ക് നേരെ സാമൂഹിക മാധ്യമങ്ങളിൽ രൂക്ഷ വിമർശനം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി വേണുഗോപാലിനെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിച്ചുവെന്ന് ആരോപിച്ചുകൊണ്ടാണ് യുഡിഎഫ് പ്രവർത്തകർ വിമർശനവുമായി രംഗത്ത് വന്നിരിക്കുന്നത്.
കെസിക്ക് അനുകൂലമായി നിലപാടെടുത്താൽ കേരള ജനത മാപ്പ് തരില്ല. വിഡിയെ ഒറ്റിക്കൊടുത്താൽ ഇന്നലെ വരെ നെഞ്ചിലേറ്റിയ ഷാഫി എന്ന ആവേശം ഞങ്ങൾ അങ്ങ് മറക്കും എന്നിങ്ങനെയാണ് കമന്റുകൾ
ഷാഫിയുടെ സാമൂഹികമാധ്യമ പോസ്റ്റുകളുടെ താഴെ സതീശനെ പിന്തുണച്ചുകൊണ്ടുള്ള കമന്റുകളാണ് വരുന്നത്. കഴിഞ്ഞ മേയ് അഞ്ചിന് ഇട്ട പോസ്റ്റിന് താഴെ ഇപ്പോഴും കമന്റുകൾ നിറയുകയാണ്.
കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടാനുള്ള നീക്കങ്ങൾ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് ഇവർ മുന്നറിയിപ്പ് നൽകുന്നു. എംഎൽഎ ആയിരുന്ന ഷാഫിയെ എംപി ആക്കാൻ അറിയാമെങ്കിൽ അതേ ഷാഫിയെ പറന്പിൽ ഇരുത്താനും അറിയാം. ജയിപ്പിക്കാൻ അറിയാമെങ്കിൽ തോൽപിക്കാനും അറിയാം എന്നിങ്ങനെ പോകുന്നു കമന്റുകൾ.



