ഭോപ്പാൽ: ഇന്ധനം ലാഭിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർത്ഥനയ്ക്ക് തൊട്ടുപിന്നാലെ, കൂറ്റൻ വാഹനവ്യൂഹവുമായി ബിജെപി നേതാവിന്റെ യാത്ര. മധ്യപ്രദേശ് പാഠപുസ്തക കോർപ്പറേഷൻ ചെയർമാനായി ചുമതലയേൽക്കാൻ ഭോപ്പാലിലെത്തിയ സൗഭാഗ്യ സിംഗ് താക്കൂർ ആണ് 50-ഓളം കാറുകളുടെ അകമ്പടിയോടെ നഗരത്തെ സ്തംഭിപ്പിച്ചത്.
ഉജ്ജയിനിൽ നിന്ന് ഭോപ്പാലിലേക്കായിരുന്നു സൗഭാഗ്യ സിംഗിന്റെ യാത്ര. ഉദ്യോഗസ്ഥരും അനുയായികളും അടങ്ങുന്ന വൻ സംഘമാണ് വാഹനവ്യൂഹത്തിലുണ്ടായിരുന്നത്. പുതിയ പദവി ഏറ്റെടുക്കുന്ന ചടങ്ങിലേക്ക് ഇത്രയധികം വാഹനങ്ങൾ ഉപയോഗിച്ചത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
രാജ്യത്ത് ഇന്ധന ഉപയോഗം കുറയ്ക്കണമെന്നും പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗങ്ങൾ പ്രോത്സാഹിപ്പിക്കണമെന്നും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി അഭ്യർത്ഥിച്ചിരുന്നു. ഇതിന് തൊട്ടടുത്ത ദിവസം തന്നെ സ്വന്തം പാർട്ടിയിലെ നേതാവ് ഇത് ലംഘിച്ചത് പ്രതിപക്ഷം ആയുധമാക്കിയിട്ടുണ്ട്.
പൊതുജനങ്ങൾക്ക് മാതൃകയാകേണ്ട ഭരണഘടനാ പദവിയിലിരിക്കുന്നവർ ഇത്തരത്തിൽ ധൂർത്ത് നടത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും വിമർശനം ഉയർന്നു.



