തിരുവനന്തപുരം: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ കഴിഞ്ഞ 15 വർഷമായി വ്യാപകമായ സാമ്പത്തിക ക്രമക്കേടുകൾ നടക്കുന്നുണ്ടെന്ന ഗൗരവകരമായ ആരോപണവുമായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി. മുൻ വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട് ഉൾപ്പെടെയുള്ളവർ സാമ്പത്തിക തിരിമറികളിൽ പങ്കാളികളാണെന്ന് കമ്മിറ്റി ഗവർണർക്കും നിലവിലെ വിസിക്കും നൽകിയ നിവേദനത്തിൽ വ്യക്തമാക്കുന്നു.
സംസ്കൃത ഭാഷാ വികസനത്തിനായി കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കുന്ന കോടിക്കണക്കിന് രൂപയുടെ പ്രൊജക്റ്റുകളിൽ നിന്നാണ് തട്ടിപ്പ് നടക്കുന്നത്. ലക്ഷങ്ങൾ അഡ്വാൻസ് കൈപ്പറ്റിയ ശേഷം ബില്ലുകളോ വൗച്ചറുകളോ ഹാജരാക്കാതെ തുക സാധൂകരിച്ചെടുക്കുന്ന രീതിയാണ് ഇവിടെ നിലനിൽക്കുന്നത്. മുൻ വിസി ഡോ. ധർമ്മരാജ് അടാട്ട് 2,44,600 രൂപ മതിയായ രേഖകളില്ലാതെ ചെലവഴിച്ചതായി കമ്മിറ്റി ആരോപിക്കുന്നു.
സ്വന്തം സത്യവാംഗ്മൂലത്തിന്റെ അടിസ്ഥാനത്തിൽ ഈ തുക സർവ്വകലാശാല സാധൂകരിച്ച് നൽകുകയായിരുന്നു. സമാനമായ രീതിയിൽ നിരവധി ഇടത് അനുകൂല അധ്യാപകർക്കും അനധ്യാപകർക്കും അവിഹിതമായി തുക അനുവദിച്ചിട്ടുണ്ട്. ബിഎഫ്എ പരീക്ഷ തോറ്റ വിദ്യാർത്ഥികൾക്ക് എംഎഫ്എ പ്രവേശനം നൽകി പാസാക്കുന്ന തരത്തിലുള്ള അക്കാദമിക് തട്ടിപ്പുകളും സർവ്വകലാശാലയിൽ നടക്കുന്നുണ്ടെന്ന് ആരോപണമുണ്ട്.
സിപിഎം അനുകൂല അധ്യാപക സംഘടനയുടെ ഒത്താശയോടെയാണ് ഈ സാമ്പത്തിക തട്ടിപ്പുകൾ നടക്കുന്നതെന്നും, ഇതിനെതിരെ നിലവിലെ വിസി പ്രൊഫ. സിസ തോമസ് അന്വേഷണം ആരംഭിച്ചതോടെ മുൻ വിസിയുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ ആസൂത്രണം ചെയ്യുകയാണെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ 15 വർഷത്തിനിടയിൽ സർവകലാശാലയിൽ നടന്ന എല്ലാ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നും, ക്രമവിരുദ്ധമായി അഡ്വാൻസുകൾ സാധൂകരിച്ചു നൽകിയ ഉത്തരവുകൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.
സർവകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരും ജീവനക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇത്തരം തട്ടിപ്പുകൾക്ക് വഴിയൊരുക്കുന്നതെന്നും സേവ് യൂണിവേഴ്സിറ്റി ക്യാന്പയിൻ ആരോപിച്ചു.



