തിരുവനന്തപുരം: പുതിയ അധ്യയന വർഷം ആരംഭിക്കാൻ മൂന്നാഴ്ച മാത്രം ബാക്കിനിൽക്കെ, സംസ്ഥാനത്ത് പാഠപുസ്തക വിതരണവും അധ്യാപക പരിശീലനവും പാതിവഴിയിലാണെന്ന് ബിജെപി. വിദ്യാഭ്യാസ വകുപ്പിന്റെ ഗുരുതരമായ അനാസ്ഥയാണ് ഇതിന് പിന്നിലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി ആരോപിച്ചു.
സ്കൂളുകൾ തുറക്കാറായെങ്കിലും പലയിടത്തും വിദ്യാർത്ഥികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ എത്തിയിട്ടില്ല. ഇത് കുട്ടികളുടെ പഠനത്തെ ബാധിക്കുമെന്ന് ബിജെപി ചൂണ്ടിക്കാട്ടി. പുതിയ പാഠ്യപദ്ധതി പ്രകാരമുള്ള അധ്യാപക പരിശീലനങ്ങൾ പൂർത്തിയാക്കാൻ സർക്കാരിന് സാധിച്ചിട്ടില്ല. വ്യക്തമായ മാർഗനിർദേശങ്ങൾ നൽകാത്തത് അധ്യാപകർക്കിടയിൽ വലിയ ആശങ്കയുണ്ടാക്കുന്നു.
വിദ്യാഭ്യാസ വകുപ്പും എസ്സിഇആർടിയും തമ്മിലുള്ള ഏകോപനമില്ലായ്മയും ഉത്തരവുകൾ ഇറക്കുന്നതിലെ താമവുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഡിജിറ്റൽ പദ്ധതികൾക്കായി കോടികൾ വകയിരുത്തുന്നുണ്ടെങ്കിലും പല സ്കൂളുകളിലും ഇന്നും അടിസ്ഥാന സൗകര്യങ്ങൾ പരിമിതമാണെന്ന് അനൂപ് ആന്റണി ആരോപിച്ചു.
വിദ്യാഭ്യാസ മേഖലയിൽ സർക്കാർ നടത്തുന്ന അവകാശവാദങ്ങൾ പൊള്ളയാണെന്നും വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഭാവി അനിശ്ചിതത്വത്തിലാക്കാനേ ഈ നടപടികൾ സഹായിക്കൂ എന്നും ബിജെപി വിമർശിച്ചു. പാഠപുസ്തക വിതരണം, അധ്യാപക പരിശീലനം, സ്കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനം എന്നിവ സമയബന്ധിതമായി പൂർത്തിയാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അനൂപ് ആന്റണി ആവശ്യപ്പെട്ടു.



