തിരഞ്ഞെടുപ്പിന് ശേഷം വനിതാ ലീഗിന്റെ ആദ്യ സംസ്ഥാന കമ്മിറ്റി യോഗത്തെ കുറിച്ച് കുറിപ്പുമായി വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ സുഹറ മമ്പാട്. സർക്കാരിന്റെ സ്ത്രീ വിരുദ്ധ നയങ്ങൾക്ക് എതിരെയുള്ള വിധിയെഴുത്ത്. തിരഞ്ഞെടുപ്പ് റിസൾട്ടിനു ശേഷമുള്ള വനിതാ ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആദ്യയോഗം കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്നുവെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ മുസ്ലിം ലീഗിന്റെ ആദ്യ വനിതാ എംഎൽഎ ആയ ഫാത്തിമ തഹ്ലിയയെ കുറിച്ച് പരാമർശിക്കാതെയായിരുന്നു വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ സുഹറ മമ്പാടിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
വനിതാ ലീഗ് നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായി കുറിപ്പിൽ പറയുന്നുണ്ടെങ്കിലും പേരാമ്പ്രയിൽ നിന്ന് വിജയിച്ച ലീഗിന്റെ ചരിത്രത്തിലെ തന്നെ ആദ്യ വനിതാ എംഎൽഎ ആയ ഫാത്തിമ തഹിലിയയെ കുറിച്ച് കുറിപ്പിൽ ഒന്നും പറയുന്നില്ല. തഹിലിയയെ സ്ഥാനാർഥിയാക്കിയതിന് എതിരെ വനിതാ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി നൂർബിന റഷീദ് പരസ്യമായി രംഗത്തെത്തിയിരുന്നു. തഹിലിയ വനിതാ ലീഗ് പ്രതിനിധിയല്ല, യൂത്ത് ലീഗ് ഭാരവാഹിയെന്ന നിലയിലാണ് സീറ്റ് ലഭിച്ചതെന്നാണ് വനിതാ ലീഗിൽ ഒരു വിഭാഗത്തിന്റെ വിമർശനം.
കുറിപ്പിന്റെ പൂർണരൂപം
പ്രിയ വനിതാ ലീഗ് സഹപ്രവർത്തകരെ ഇത് നിങ്ങളുടെ പോരാട്ടങ്ങളുടെ കൂടി വിജയം. സർക്കാറിന്റെ സ്ത്രീ വിരുദ്ധ നയങ്ങൾക്ക് എതിരെയുള്ള വിധിയെഴുത്ത്. തിരഞ്ഞെടുപ്പ് റിസൾട്ടിനു ശേഷമുള്ള വനിതാ ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആദ്യയോഗം കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്നു. പ്രതിപക്ഷത്തിരുന്ന പത്ത് വർഷവും പ്രതിപക്ഷ സംഘടനയുടെ കടമ വനിതാ ലീഗ് കൃത്യമായി നിർവ്വഹിച്ച് പോന്നിട്ടുണ്ട്. സമരങ്ങൾ, പ്രക്ഷോപങ്ങൾ, പ്രതിഷേധങ്ങൾ എല്ലാം നല്ലരീതിയിൽ നടത്താനും പലപ്പോഴും അധികാരികളുടെ കണ്ണ് തുറപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്. CAA സമരങ്ങൾ മുതൽ സ്ത്രീപക്ഷ നിലപടുകൾ ഉയർത്തിപ്പിടിച്ചുള്ള സമരങ്ങൾ വരെ പലപ്പോഴും അറസ്റ്റുകളും കേസുകളും കൊണ്ട് വേട്ടയാടിട്ടുണ്ട്. സർക്കാറിനെതിരെ സംസാരിച്ചപ്പോളൊക്കെ ഓൺലൈനായും ഓഫ്ലൈനായും വ്യക്തിപരമായി അധിക്ഷേപങ്ങൾ നേരിട്ടു; CPMന്റെ സൈബർ പോരാളികൾ മുതൽ പൊതുപ്രഭാഷകർവരെ അതിൽ പങ്ക് ചേർന്നു.
പ്രതിസന്ധികൾ നിറഞ്ഞ ഈ കാലത്ത് തന്നെയാണ് എന്റെ സഹപ്രവർത്തകർ പ്രസ്ഥാനത്തിന് കരുത്തേകുന്ന രൂപത്തിൽ ഏറ്റവും കൂടുതൽ കമ്മിറ്റികൾ രൂപീകരിച്ചതും, പ്രവർത്തന ഫണ്ട് സജ്ജമാക്കിയതും, അതിലെല്ലാം ഉപരി അഭിമാനകരമായ രൂപത്തിൽ വളണ്ടിയർ വിംഗ് പടുത്തുയർത്തിയതും. ഭരണപക്ഷത്താണെങ്കിലും ഇടതുപക്ഷ സംഘടനകളെ പോലെ ഉറങ്ങിക്കിടക്കാൻ ഞങ്ങൾ തയ്യാറല്ല. ഇനിയും മികച്ച സംഘടനാ ശേഷിയോടെ, മികവാർന്ന പ്രവർത്തനങ്ങളിലൂടെ മുന്നോട്ട് പോവും. സംഘടനയെ കൂടുതൽ ഉന്നതിയിൽ എത്തിക്കുന്നതോടൊപ്പം കഴിഞ്ഞ കാലങ്ങളിൽ എല്ലാ പ്രതിസന്ധികളും അതിജീവിച്ച് പ്രവർത്തിച്ച, ഇന്നും പോരാട്ടം തുടരുന്ന എന്റെ പ്രിയ സഹപ്രവർത്തകരുടെ ഉയർച്ചയും പദവിയും ഉറപ്പുവരുത്തേണ്ടത് വ്യക്തിപരമായി എന്റെ ഉത്തരവാദിത്തമായി കണക്കാക്കുന്നു. അതിനായുള്ള പ്രവർത്തനങ്ങളിൽ ഇനിയും നിക്കൾക്ക് മുന്നിൽ ഞാനുണ്ടാവും.



