ബിജെപി ഭരണത്തിന് കീഴിൽ പരീക്ഷകളിൽ നടന്ന വ്യാപകമായ അഴിമതി യുവാക്കളുടെ ഭാവി കവർന്നെടുക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി എംപി. യുവാക്കളുടെ ഭാവി ബിജെപി സർക്കാർ കൊള്ളയടിക്കുന്നെന്നും യുവാക്കളോട് പ്രധാനമന്ത്രിക്ക് ഉത്തരവാദിത്തം ഉണ്ടെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. നീറ്റ് പരീക്ഷയിൽ ക്രമക്കേട് സംബന്ധിച്ചായിരുന്നു പ്രിയങ്കയുടെ വിമർശനം.
ഈ മാസം മൂന്നിന് നടന്ന നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നതായാണ് ഉയരുന്ന പരാതി. പരീക്ഷയ്ക്ക് രണ്ട് ദിവസം മുൻപ് രാജസ്ഥാനിലെ സിക്കറിൽ മാതൃക ചോദ്യപേപ്പറുകൾ വ്യാപകമായി പ്രചരിച്ചു. പരീക്ഷക്കുശേഷം യഥാർത്ഥ ചോദ്യപേപ്പറിലെ 140 ചോദ്യങ്ങൾ മാതൃക ചോദ്യപേപ്പറിലെ ചോദ്യങ്ങളുമായി സാമ്യം. അതായത് 600 മാർക്കിന്റെ ചോദ്യങ്ങൾ മുൻകൂട്ടി പ്രചരിച്ച ചോദ്യപേപ്പറിൽ ഉണ്ടെന്ന് രാജസ്ഥാൻ പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് കണ്ടെത്തി.
അന്വേഷണത്തിൽ കേരളത്തിൽ എംബിബിഎസ് പഠിക്കുന്ന ചുരു സ്വദേശിയായ വിദ്യാർത്ഥി മാതൃക ചോദ്യപേപ്പർ ഈ മാസം ഒന്നിന് സിക്കറിലെ തന്റെ സുഹൃത്തിന് കൈമാറിയതായി കണ്ടെത്തി. തുടർന്ന് ഇത് വ്യാപകമായി പ്രചരിച്ചു. ഇരുപതിനായിരംമുതൽ 2 ലക്ഷം വരെ രൂപയ്ക്കായിരുന്നു ചോദ്യപേപ്പർ വിൽപ്പന നടത്തിയത്.ഇതോടെ അന്വേഷണം ചുരു സ്വദേശിക്ക് വേണ്ടി കേരളത്തിലേക്കും വ്യാപിപ്പിച്ചു.
എൻക്രിപ്റ്റ് ചെയ്ത മെസേജിംഗ് പ്ലാറ്റ്ഫോമുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും വ്യാപകമായി ചോദ്യപേപ്പർ പ്രചാരം നടന്നതായി കണ്ടെത്തി. പരീക്ഷയ്ക്ക് മുൻപ് ചോദ്യപേപ്പർ ചോർന്നതാണോ എന്നാണ് രാജസ്ഥാൻ പോലീസ് പരിശോധിക്കുന്നത്. രാജസ്ഥാൻ പോലീസിന്റെ അന്വേഷണ റിപ്പോർട്ടിൽ ക്രമക്കേട് ഉണ്ടെന്ന് കണ്ടെത്തിയാൽ മാത്രം ആയിരിക്കും NTA തുടർ നടപടി സ്വീകരിക്കുക.



