തൃക്കരിപ്പൂർ (കാസർഗോഡ്): പിലിക്കോട് മട്ടലായിയിൽ നിര്‍മാണം പൂർത്തിയായ ദേശീയപാതയിൽ വേനൽമഴയ്ക്കു പിന്നാലെ വിള്ളലുകൾ രൂപപ്പെട്ടു.
മേൽമട്ടലായി ശിവക്ഷേത്രത്തിനു സമീപം 50 മീറ്ററോളം നീളത്തിലാണ് ഇന്നലെ രാവിലെ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടത്. നിര്‍മാണ കരാറുകാരായ മേഘ എൻജിനിയറിംഗിലെ ഉദ്യോഗസ്ഥരും തൊഴിലാളികളും സ്ഥലത്തെത്തി പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.
വിള്ളലുകൾ കണ്ട ഭാഗത്തെ ടാറിംഗ് അടർത്തിമാറ്റി റീ ടാറിംഗ് നടത്താനാണ് ശ്രമം. ടാറിംഗിനു മുകളിൽ മാത്രമാണ് വിള്ളലുകളുണ്ടായതെന്നാണ് നിർമാണ കമ്പനി അധികൃതർ പറയുന്നത്. എന്നാൽ, മണ്ണിട്ടുയർത്തിയ ഭാഗത്ത് ഉള്ളിൽ കൂടുതൽ ആഴത്തിൽ വിള്ളലുകൾ ഉണ്ടാകാമെന്നും അതിനുമുകളിൽ ടാറിംഗ് നടത്തി മൂടിവയ്ക്കാനുള്ള ശ്രമം പിന്നീട് വലിയ അപകടങ്ങളിലേക്ക് നയിച്ചേക്കാമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടത്തിന്റെയും ദേശീയപാത അധികൃതരുടെയും അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഇരുവശങ്ങളിലും സംരക്ഷണ ഭിത്തി കെട്ടി മണ്ണിട്ടുയര്‍ത്തിയാണ് ഈ ഭാഗത്ത് ദേശീയപാത നിര്‍മിച്ചിരിക്കുന്നത്. ചതുപ്പിന്റെ സ്വഭാവമുള്ള നിലവും ഉറപ്പുകുറഞ്ഞ മണ്ണുമായതിനാൽ മണ്ണിട്ടുയർത്തിയുള്ള നിർമാണങ്ങൾക്ക് ബലക്ഷയമുണ്ടാകാനിടയുണ്ടെന്ന് സാങ്കേതിക വിദഗ്ധർ വിലയിരുത്തിയിരുന്നു.
കൃത്യമായ പഠനങ്ങളൊന്നും നടത്താതെയാണ് ഈ ഭാഗങ്ങളിൽ മണ്ണിട്ടുയർത്തിയുള്ള ദേശീയപാത നിർമാണം നടത്തിയതെന്ന പരാതിയും ഉയർന്നിരുന്നു. നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായ ഭാഗം മഴക്കാലം തുടങ്ങുന്നതിനുമുമ്പ് വാഹന ഗതാഗതത്തിനായി തുറന്നുകൊടുക്കാനിരിക്കേയാണ് വിള്ളലുകൾ പ്രത്യക്ഷപ്പെട്ടത്. പരിശോധന നടത്താതെ ഈ ഭാഗം ഗതാഗതത്തിനു തുറന്നുകൊടുക്കാൻ അനുവദിക്കരുതെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
പിലിക്കോട് മണ്ണിട്ടുയർത്തി നിർമിച്ച ദേശീയപാതയിൽ വിള്ളലുകളുണ്ടായതോടെ തൊട്ടടുത്ത നീലേശ്വരത്ത് മണ്ണിട്ടുയർത്തിയുള്ള പാത നിർമാണത്തിനെതിരേ നടക്കുന്ന സമരത്തിന് ശക്തിയേറി. രണ്ടു സ്ഥലങ്ങൾക്കുമിടയിൽ ചെറുവത്തൂർ ഭാഗത്തും മണ്ണിട്ടുയർത്തിയുള്ള പാതയ്ക്ക് ബലക്ഷയമുണ്ടെന്ന സൂചനയെത്തുടർന്ന് വശങ്ങളിൽ വീണ്ടും കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തിയിരുന്നു.



