കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടന്ന മറ്റ് സംസ്ഥാനങ്ങളെല്ലാം മുഖ്യമന്ത്രിമാരെ നിശ്ചയിച്ച് കഴിഞ്ഞിട്ടും, കേരളത്തിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം ഏഴാം ദിവസവും അനിശ്ചിതത്വത്തിൽ തുടരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ അനുയായികൾ തമ്മിലുള്ള ഗ്രൂപ്പ് പോരും പോസ്റ്റർ യുദ്ധവും മുറുകുന്നതിനിടെ ഹൈക്കമാൻഡ് ചർച്ചകൾ തുടരുകയാണ്.
ശനിയാഴ്ച ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ മൂന്ന് മണിക്കൂർ നീണ്ട ചർച്ച നടന്നിരുന്നു. രാഹുൽ ഗാന്ധി, കേരളത്തിന്റെ ചുമതലയുള്ള ദീപാ ദാസ് മുൻഷി, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ, കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്, നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്നിക് എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഞായറാഴ്ച കാര്യമായ പുരോഗതി ഉണ്ടായില്ലെങ്കിലും തിങ്കളാഴ്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.



