ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് അമേരിക്കയും ഗൾഫ് രാജ്യങ്ങളും ചേർന്ന് ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിൽ അവതരിപ്പിക്കുന്ന പ്രമേയത്തിന് റഷ്യയുടെയും ചൈനയുടെയും വീറ്റോ ഭീഷണി. ഇറാനെതിരെ ഉപരോധം ലക്ഷ്യമിട്ടുള്ള പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇരു രാജ്യങ്ങളും ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചത്. യുഎൻ ആസ്ഥാനത്ത് നിന്നുള്ള അൽ ജസീറ പ്രതിനിധി ഗബ്രിയേൽ എലിസോൻഡോയാണ് ഈ വിവരങ്ങൾ റിപ്പോർട്ട് ചെയ്തത്.

ഹോർമുസ് കടലിടുക്കിലെ വാണിജ്യ, നാവിക ഗതാഗതം തടസ്സപ്പെടുത്തുന്ന നീക്കങ്ങൾക്കെതിരെയാണ് യുഎൻ രക്ഷാസമിതിയിൽ കരട് പ്രമേയം തയ്യാറാക്കിയിരിക്കുന്നത്. അമേരിക്കയ്ക്ക് പുറമെ ബഹ്‌റൈൻ ഉൾപ്പെടെയുള്ള ഗൾഫ് സഹകരണ കൗൺസിൽ  രാജ്യങ്ങൾ പ്രമേയത്തെ ശക്തമായി പിന്തുണയ്ക്കുന്നുണ്ട്. നയതന്ത്ര വൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ അനുസരിച്ച് കുവൈത്ത്, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളും പ്രമേയത്തിൻ്റെ പ്രധാന സഹപ്രായോജകരാണ് രക്ഷാസമിതിയിലെ ഭൂരിപക്ഷം അംഗങ്ങൾക്കിടയിലും പ്രമേയത്തിന് വലിയ പിന്തുണ ലഭിക്കുമെന്നാണ് വിലയിരുത്തൽ.  

കരട് പ്രമേയം പാസാക്കുന്നതിനുള്ള പ്രധാന തടസ്സം രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ റഷ്യയും ചൈനയുമാണ്. വീറ്റോ അധികാരമുള്ള ഈ രാജ്യങ്ങൾ, നിലവിലെ രൂപത്തിൽ പ്രമേയം വോട്ടെടുപ്പിന് വന്നാൽ പരാജയപ്പെടുത്തുമെന്ന് മറ്റ് സമിതി അംഗങ്ങളെ അറിയിച്ചിട്ടുണ്ട്. ഇറാനെതിരെ ഉപരോധം ഏർപ്പെടുത്താനുള്ള പരോക്ഷ സൂചനകൾ പ്രമേയത്തിലുണ്ട് എന്നതാണ് എതിർപ്പിന് പ്രധാന കാരണം. കൂടാതെ, പശ്ചിമേഷ്യയിൽ യുദ്ധം ആരംഭിച്ചതിന് അമേരിക്കയെയും ഇസ്റാഈലിനെയും കുറ്റപ്പെടുത്താൻ പ്രമേയം തയ്യാറായിട്ടില്ലെന്നും റഷ്യയും ചൈനയും ചൂണ്ടിക്കാണിക്കുന്നു.

നയതന്ത്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുള്ള ഈ കരട് പ്രമേയം എപ്പോൾ വോട്ടെടുപ്പിന് വരുമെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. എന്നാൽ അടുത്ത ആഴ്ച ആദ്യം തന്നെ വോട്ടെടുപ്പ് നടന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ആഗോള സമാധാന ശ്രമങ്ങളുടെ പശ്ചാത്തലത്തിൽ ഈ പ്രമേയത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.