അറ്റ്ലാന്റിക് സമുദ്രത്തിൽ എം.വി. ഹോൺഡിയസ് എന്ന വിനോദസഞ്ചാര കപ്പലിൽ ഹാന്റവൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് 29 യാത്രക്കാർ യാത്ര അവസാനിപ്പിച്ച് മടങ്ങിയതായി സ്ഥിരീകരണം. ഏപ്രിൽ 24-നാണ് 12 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ കപ്പൽ വിട്ടത്. രോഗബാധയെത്തുടർന്ന് മരിച്ച ഡച്ച് പൗരനും ഭാര്യയുമല്ലാതെ മറ്റാരും പുറത്തുപോയിട്ടില്ലെന്നായിരുന്നു കപ്പൽ അധികൃതർ ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ഡച്ച് സർക്കാരും കപ്പൽ ഉടമസ്ഥരും ഇപ്പോൾ പുതിയ വിവരങ്ങൾ പുറത്തുവിടുകയായിരുന്നു.
കപ്പലിൽ നിന്ന് മടങ്ങിയ യാത്രക്കാരെയും അവരുമായി സമ്പർക്കം പുലർത്തിയവരെയും കണ്ടെത്താൻ ദക്ഷിണാഫ്രിക്കൻ, യൂറോപ്യൻ അധികൃതർ അന്വേഷണം ഊർജിതമാക്കി. വൈറസ് ബാധിച്ച യാത്രക്കാരൻ സഞ്ചരിച്ച കെ.എൽ.എം. എയർലൈൻസിലെ ഒരു ജീവനക്കാരന് രോഗലക്ഷണങ്ങൾ കണ്ടത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ഈ വിമാനത്തിലുണ്ടായിരുന്ന 82 യാത്രക്കാരെയും ആറ് ജീവനക്കാരെയും കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നു. കപ്പലിൽ ഇതുവരെ മൂന്നുപേർ മരിക്കുകയും എട്ടുപേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. നിലവിൽ ബ്രിട്ടൻ, ജർമനി, നെതർലൻഡ്സ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ രോഗബാധിതർ ചികിത്സയിലാണ്.
എലികളിൽ നിന്ന് പകരുന്ന ഹാന്റവൈറസിന്റെ ‘ആൻഡിസ്’ വകഭേദമാണ് കപ്പലിൽ കണ്ടെത്തിയത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഈ വകഭേദം അതീവ ജാഗ്രത അർഹിക്കുന്നുണ്ടെങ്കിലും, ലോകവ്യാപകമായി പടരാനുള്ള സാധ്യത കുറവാണെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി. നിലവിൽ 23 രാജ്യങ്ങളിൽ നിന്നുള്ള 149 പേരാണ് കപ്പലിലുള്ളത്. കപ്പലിനെ തീരത്തടുക്കാൻ സ്പെയിനോ ഡച്ച് അധികൃതരോ ഇതുവരെ അനുമതി നൽകിയിട്ടില്ല. നിലവിൽ ഈ വൈറസിന് പ്രത്യേക മരുന്നുകളോ വാക്സിനുകളോ ലഭ്യമല്ല.



