ന്യൂഡൽഹി: കോൺഗ്രസ് ഹൈകമാൻഡിലുള്ള സ്വാധീനവും രാഹുൽ ഗാന്ധിയോടുള്ള അടുപ്പവും പരമാവധി ഉപയോഗപ്പെടുത്തി മുഖ്യമന്ത്രി പദത്തിൽ പിടിമുറുക്കിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് മുന്നിലെ പ്രതിബന്ധം കേരളത്തിലെ ജനവികാരം.
എ.ഐ.സി.സി കേരളത്തിലേക്കയച്ച നിരീക്ഷകന്മാർ അവരുടെ റിപ്പോർട്ട് ഇന്ന് സമർപ്പിച്ച ശേഷവും കേരളത്തിലുള്ള പ്രതിഷേധവും തർക്കവും തുടരുന്ന സാഹചര്യമുണ്ടായാൽ മുതിർന്ന നേതാക്കളെ ഡൽഹിയിലേക്ക് വിളിച്ചുവരുത്തി ചർച്ച നടത്തിയ ശേഷമായിരിക്കും മുഖ്യമന്ത്രി പ്രഖ്യാപനം. ഏതെങ്കിലും ഒരു വ്യക്തിയെ മുഖ്യമന്ത്രിയായി ഉയർത്തിക്കാണിച്ചല്ല കോൺഗ്രസിനെയും യു.ഡി.എഫിനെയും വോട്ടർമാർ പിന്തുണച്ചത് എന്ന വാദം നേതൃത്വത്തിന് മുന്നിലുയർത്തിയായിരുന്നു വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന വാദത്തെ വേണുഗോപാൽ ഖണ്ഡിച്ചത്. എന്നാൽ, വേണുഗോപാലിന്റെ നിലപാടിനെ ദുർബലപ്പെടുത്തുന്നതാണ് മുഖ്യ രണ്ട് ഘടകകക്ഷികൾ നിരീക്ഷകർക്ക് മുന്നിൽ പറഞ്ഞ അഭിപ്രായവും ചിലയിടങ്ങളിൽ പ്രവർത്തകർ തെരുവിലിറങ്ങിയതും.
ഭരണപരിചയവും സംഘാടന വൈഭവവും പാർട്ടിയെയും മുന്നണിയെയും ഒരുമിച്ചുകൊണ്ടുപോകാനുള്ള കഴിവും തന്റെ കാര്യത്തിൽ പരിഗണിക്കണമെന്നാണ് കെ.സി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. തങ്ങളുടെ മണ്ഡലങ്ങളിൽ ജനപിന്തുണ തെളിയിച്ച് വന്ന എം.എൽ.എമാരാണ് തന്നെ പിന്തുണക്കുന്നതെന്നും അവരുടെ അഭിപ്രായത്തെ അത്തരത്തിൽ മാനിക്കണമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
ഓരോ എം.എൽ.എമാരുടെ സ്വാധീനവും സ്ഥാനമാനങ്ങളും മറ്റു ഘടകങ്ങളുമെല്ലാം ജയത്തിന് കാരണമായിട്ടുണ്ടെന്നും ഇതെല്ലാം കണക്കിലെടുക്കണമെന്നുമാണ് അദ്ദേഹത്തിന്റെ വാദം. സി.പി.എം വോട്ടുകളും കോൺഗ്രസിന്റെ വിജയത്തിന് കാരണമാണെന്നും എന്നാൽ, അവ വന്നുചേർന്നത് ഏതെങ്കിലും മുഖമുയർത്തിക്കാണിച്ചതുകൊണ്ടല്ലെന്നും വേണുഗോപാൽ നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്.



