അൽഷിമേഴ്‌സ് രോഗം ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതിന് മുൻപേ തന്നെ ലളിതവും വേഗത്തിലും കണ്ടെത്താൻ സഹായിക്കുന്ന പുതിയ രക്തപരിശോധന ഇന്ത്യയിൽ അവതരിപ്പിച്ചു. രോഗം മൂർച്ഛിച്ച ശേഷം മാത്രം തിരിച്ചറിയപ്പെടുന്ന നിലവിലെ സാഹചര്യം മാറ്റാൻ ഈ പുതിയ പരിശോധനാ രീതി സഹായിക്കും. പ്രമുഖ ഡയഗ്നോസ്റ്റിക് കമ്പനിയായ മെട്രോപോളിസ് ഹെൽത്ത്‌കെയറാണ് പ്ലാസ്മ അധിഷ്ഠിതമായ ഈ സ്‌ക്രീനിംഗ് ടെസ്റ്റ് പുറത്തിറക്കിയത്.

മസ്തിഷ്ക കോശങ്ങൾ ക്രമാനുഗതമായി നശിക്കുന്നതുമൂലം ഓർമ്മക്കുറവ്, പെരുമാറ്റ വ്യത്യാസങ്ങൾ എന്നിവയുണ്ടാക്കുന്ന ഡിമെൻഷ്യ അഥവാ മറവിരോഗത്തിന്റെ ഒരു വകഭേദമാണ് അൽഷിമേഴ്‌സ്. തലച്ചോറിൽ അസാധാരണമായി പ്രോട്ടീനുകൾ അടിഞ്ഞുകൂടുന്നതാണ് ഇതിന് പ്രധാന കാരണം.