പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിലെ പൊതുവേദികളിൽ അധികം പ്രത്യക്ഷപ്പെടാറില്ലെങ്കിലും ബിജെപി പാളയത്തിൽ സുവേന്ദു അധികാരിയുടെ ഏറ്റവും അടുത്ത വിശ്വസ്തനായാണ് ചന്ദ്രനാഥ് രഥ് അറിയപ്പെട്ടിരുന്നത്. ബുധനാഴ്ച രാത്രി നോർത്ത് 24 പർഗാനാസിൽ വെടിയേറ്റു മരിച്ച 41-കാരനായ ചന്ദ്രനാഥിന്റെ ജീവിതം അവിശ്വസനീയമായ മാറ്റങ്ങളിലൂടെ കടന്നുപോയ ഒന്നായിരുന്നു. ഇന്ത്യൻ വ്യോമസേനയിലെ സേവനത്തിന് ശേഷം ബംഗാൾ പ്രതിപക്ഷ രാഷ്ട്രീയത്തിലെ നിർണ്ണായക സാന്നിധ്യമായി അദ്ദേഹം മാറുകയായിരുന്നു.
പൂർവ്വാ മേദിനിപ്പൂരിലെ ചണ്ഡിപ്പൂർ സ്വദേശി ആയ ചന്ദ്രനാഥ് രഥ് സുവേന്ദു അധികാരിയുമായി വ്യക്തിപരമായും രാഷ്ട്രീയമായും ദീർഘകാലത്തെ ബന്ധം പുലർത്തിയിരുന്നു. രാമകൃഷ്ണ മിഷനിലെ വിദ്യാഭ്യാസ കാലം അദ്ദേഹത്തിന്റെ ജീവിതത്തെ ആഴത്തിൽ സ്വാധീനിച്ചിരുന്നുവെന്ന് സുഹൃത്തുക്കൾ ഓർക്കുന്നു. ഒരു ഘട്ടത്തിൽ സന്യാസ ജീവിതത്തെക്കുറിച്ച് പോലും ചിന്തിച്ചിരുന്ന അദ്ദേഹം പിന്നീട് വ്യോമസേനയിൽ ചേരുകയും ഏകദേശം രണ്ട് പതിറ്റാണ്ടോളം രാജ്യം സേവിക്കുകയും ചെയ്തു.



