ചെന്നൈ: തമിഴ്നാട്ടിൽ അതിശയ മുന്നേറ്റം കുറിച്ച് നടൻ വിജയിന്റെ ടിവികെ. 234 അംഗ നിയമസഭയിൽ 107 സീറ്റുകളിൽ വിജയിക്കുകയോ ലീഡ് നേടുകയോ ചെയ്ത ടിവികെ സർക്കാർ രൂപവത്കരിക്കും.
കേവല ഭൂരിപക്ഷത്തിനു വേണ്ടത് 118 പേരുടെ പിന്തുണയാണ്. തുടർ ഭരണം ലക്ഷ്യമിട്ട ഡിഎംകെ വെറും 60 സീറ്റിലൊതുങ്ങി. 47 സീറ്റോടെ അണ്ണാ ഡിഎംകെ മൂന്നാം സ്ഥാനത്തായി. കൊളത്തൂർ മണ്ഡലത്തിൽ സ്റ്റാലിൻ 8795 വോട്ടിനു ടിവികെയിലെ വി.എസ്. ബാബുവിനോടു തോറ്റു.
എക്സിറ്റ് പോൾ പ്രവചനങ്ങളെല്ലാം ഡിഎംകെയ്ക്ക് അനുകൂലമായിരുന്ന സാഹചര്യത്തിലാണ് ടിവികെയുടെ അപ്രതീക്ഷിത കുതിപ്പ്. ആക്സിസ് മൈ ഇന്ത്യ എന്ന ഏജൻസി മാത്രമാണ് ടിവികെയുടെ മുന്നേറ്റം പ്രവചിച്ചത്.
അറുപതു വർഷത്തിനിടെ ആദ്യമായി തമിഴ്നാട്ടിൽ ഡിഎംകെ, അണ്ണാ ഡിഎംകെ ഇതര സർക്കാർ അധികാരത്തിലേറുകയാണ്. എംജിആർ, ജയലളിത എന്നിവർക്കുശേഷം ഒരു സൂപ്പർസ്റ്റാർ തമിഴ്നാടിന്റെ അമരത്ത് എത്തുന്നുവെന്നതാണ് മറ്റൊരു സവിശേഷത.
ടിവികെ അധ്യക്ഷൻ വിജയ് പെരന്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലങ്ങളിൽ വിജയിച്ചു. പാർട്ടിയിലെ പ്രമുഖനായ സെങ്കോട്ടയ്യനും വിജയിച്ചവരിൽ ഉൾപ്പെടുന്നു.
ഉപമുഖ്യമന്ത്രി ഉദയനിധി ചെപ്പോക്ക്-തിരുവല്ലിക്കേനി മണ്ഡലത്തിൽ വിജയിച്ചു. അതേസമയം, ഡിഎംകെ സർക്കാരിലെ നിരവധി മന്ത്രിമാർ പരാജയപ്പെട്ടു. അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി എടപ്പാടി മണ്ഡലത്തിൽ 98,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
കക്ഷിനില കക്ഷിനില
ആകെ സീറ്റ് 234
ടിവികെ 107
ഡിഎംകെ 60
അണ്ണാ ഡിഎംകെ 47
കോൺഗ്രസ് 5
പിഎംകെ 4
മുസ്ലിം ലീഗ് 2
സിപിഐ 2
സിപിഎം 2
വിസികെ 2
ഡിഎംഡികെ 1
ബിജെപി 1
എഎംഎംകെ 1



