തിരുവനന്തപുരം: യുഡിഎഫ് 102 സീറ്റിൽ വിജയിച്ചതിനു പിന്നാലെ കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചർച്ചയും സജീവമായി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനാർഥികൾ.
മുഖ്യമന്ത്രിയെ കണ്ടെത്താൻ കോണ്‍ഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി ഇന്നോ നാളെയോ കോണ്‍ഗ്രസ് എംഎൽഎമാരുമായി ചർച്ച നടത്തും. തുടർന്നു ഘടകകക്ഷി നേതാക്കളുമായും ചർച്ച നടത്തും. ഇതിനു ശേഷം ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകും. ഹൈക്കമാൻഡാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക. തുടർന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച നടത്തി മന്ത്രിസഭാംഗങ്ങളെ നിശ്ചയിക്കും.
മധുസൂദനൻ മിസ്ത്രിയുടെ നേതൃത്വത്തിലുള്ള സ്ക്രീനിംഗ് കമ്മിറ്റി കോണ്‍ഗ്രസ് എംഎൽഎമാരെ ഒറ്റയ്ക്ക് ഒറ്റയ്ക്കു കാണും. കോണ്‍ഗ്രസ് എംഎൽഎമാരെ സ്വാധീനിക്കാനുള്ള നീക്കങ്ങൾ മുഖ്യമന്ത്രി പട്ടികയിലുള്ള നേതാക്കളുടെ നേതൃത്വത്തിൽ തുടങ്ങിയിട്ടുണ്ട്.
നിലവിൽ വിജയിച്ച എംഎൽഎമാരാണ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും.



