ഡിജിറ്റൽ കാലഘട്ടത്തിൽ മാധ്യമങ്ങളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വൈദികരും സന്യാസികളും പാലിക്കേണ്ട കൃത്യമായ പെരുമാറ്റച്ചട്ടങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള മാർഗ്ഗരേഖ കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്‌സ് ഓഫ് ഇന്ത്യ (CCBI) പുറത്തിറക്കി. ബെംഗളൂരുവിൽ നടന്ന നാഷണൽ സിനഡൽ അസംബ്ലിയിൽ വെച്ചാണ് ഈ സുപ്രധാന ഗൈഡ് പ്രകാശനം ചെയ്തത്.
ഡിജിറ്റൽ ലോകത്തെ സഭയുടെ ഇടപെടലുകൾ കൂടുതൽ ഉത്തരവാദിത്തമുള്ളതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. സി.സി.ബി.ഐ വൈസ് പ്രസിഡന്റ് ആർച്ച് ബിഷപ്പ് പീറ്റർ മക്കാഡോ ഈ പാസ്റ്ററൽ ഗൈഡ് പ്രകാശനം ചെയ്തു. സി.സി.ബി.ഐ പ്രസിഡന്റ് കർദിനാൾ ഫിലിപ്പ് നേരി ഫെറാവോ, കർദിനാൾ ആന്റണി പൂള എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. റവ. ഡോ. നൈജൽ ബാരറ്റ്, റെവ. ഡോ. സിറിൾ വിക്ടർ എന്നിവരുടെ നേതൃത്വത്തിലാണ് ഈ മാർഗ്ഗരേഖ തയ്യാറാക്കിയത്.
ഓൺലൈൻ ഇടങ്ങളിൽ സഭാ പ്രതിനിധികൾ എപ്രകാരം പെരുമാറണം, എന്തൊക്കെ കാര്യങ്ങൾ പങ്കുവെക്കാം, അതിർവരമ്പുകൾ എന്തൊക്കെ തുടങ്ങിയ കാര്യങ്ങൾ ഇതിൽ വ്യക്തമാക്കുന്നു. തെറ്റായ വിവരങ്ങൾ (Misinformation), വിഭാഗീയത, ഡിജിറ്റൽ മടുപ്പ് (Digital fatigue) എന്നിവയെ നേരിടാനും സഭയുടെ സാന്നിധ്യം ഓൺലൈനിൽ കൂടുതൽ ഫലപ്രദമാക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രതിസന്ധി ഘട്ടങ്ങളിലെ ആശയവിനിമയം, മികച്ച ഉള്ളടക്കം തയ്യാറാക്കൽ തുടങ്ങിയവയ്ക്കായി സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയറുകൾ (SOPs) പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആധുനിക കാലത്തെ മാധ്യമ യാഥാർത്ഥ്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട്, വൈദികർക്കും അത്മായ നേതാക്കൾക്കും ഒരുപോലെ ഉപകരിക്കുന്ന പ്രായോഗിക സഹായിയായാണ് ഇതിനെ സഭ വിഭാവനം ചെയ്യുന്നത്. വരും ദിവസങ്ങളിൽ ഇന്ത്യയിലെ എല്ലാ രൂപതകളിലും ഈ മാർഗ്ഗരേഖ പ്രാബല്യത്തിൽ വരും.



