സ്നേഹത്തിലൂടെയും സാഹോദര്യത്തിലൂടെയും ഭൂമിയിൽ സ്വർഗാനുഭവം മുൻകൂട്ടി ദർശിക്കാൻ ക്രൈസ്തവർക്ക് സാധിക്കണമെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. ഈസ്റ്റർ കാലത്തെ പ്രത്യേക പ്രാർഥനയായ ‘സ്വർലോക രാജ്ഞി’ മധ്യേ വത്തിക്കാനിൽ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ.
ക്രിസ്തു നമ്മെ സ്നേഹിച്ചതു പോലെ പരസ്പരം സ്നേഹിക്കുമ്പോൾ സാഹോദര്യവും സമാധാനവുമാണ് മാനവരാശിയുടെ യഥാർഥ ലക്ഷ്യമെന്ന് ലോകത്തിന് കാണിച്ചുകൊടുക്കാൻ നമുക്ക് സാധിക്കും. ദൈവത്തിന്റെ ഭവനത്തിൽ എല്ലാവർക്കും സ്ഥാനമുണ്ടെന്ന് മാർപാപ്പ ഓർമ്മിപ്പിച്ചു. ആധുനിക ലോകം പലപ്പോഴും പ്രത്യേക പദവികൾക്കും മാറ്റിനിർത്തലുകൾക്കും പിന്നാലെ പോകുമ്പോൾ ഉയിർത്തെഴുന്നേറ്റ ക്രിസ്തു എല്ലാവരെയും സ്വാഗതം ചെയ്യുന്ന പുതിയൊരു ലോകമാണ് വാഗ്ദാനം ചെയ്യുന്നത്.
ദൈവത്തിന്റെ മുൻപിൽ ഓരോ മനുഷ്യനും സമാനതകളില്ലാത്ത മൂല്യമുള്ളവരാണ്. അസമത്വങ്ങൾക്കും മത്സരങ്ങൾക്കും പകരം നന്ദിയും കരുതലും നിറഞ്ഞ സമൂഹങ്ങളായി ക്രൈസ്തവകൂട്ടായ്മകൾ മാറണമെന്ന് പാപ്പ ആഹ്വാനം ചെയ്തു. എല്ലാ ക്രിസ്തീയസമൂഹങ്ങളും എല്ലാവർക്കുമായി തുറന്നിട്ടിരിക്കുന്ന ഭവനങ്ങളായി മാറാൻ പരിശുദ്ധ മറിയത്തിന്റെ മധ്യസ്ഥത തേടി പ്രാർഥിച്ചുകൊണ്ടാണ് മാർപാപ്പ സന്ദേശം അവസാനിപ്പിച്ചത്.



