മൊസാംബിക്കിലെ കാബോ ഡെൽഗാഡോ പ്രവിശ്യയിലെ ചരിത്രപ്രസിദ്ധമായ സെന്റ് ലൂയിസ് ഡി മോണ്ട്ഫോർട്ട് ഇടവക ദൈവാലയത്തിന് തീവ്രവാദികൾ തീയിട്ടു. ഈ ഭീകരാക്രമണത്തിൽ പെമ്പ ബിഷപ്പ് അന്റോണിയോ ജൂലിയാസ് ഫെരേര സാന്ദ്രമോ ദുഃഖം രേഖപ്പെടുത്തുകയും ആക്രമണത്തിനു ശേഷം പ്രാദേശികസമൂഹം “ഞെട്ടലിലാണ്” എന്ന് രേഖപ്പെടുത്തുകയും ചെയ്തു.

പൊന്തിഫിക്കൽ ഫൗണ്ടേഷന് അയച്ച സന്ദേശത്തിൽ, ഏപ്രിൽ 30 വ്യാഴാഴ്ച തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ ദൈവാലയം പൂർണ്ണമായും കത്തിനശിച്ചതായി ബിഷപ്പ് അന്റോണിയോ പറഞ്ഞു. “വൈകുന്നേരം നാലുമണിയോടെ ഭീകരർ എത്തി, 1946 മുതൽ ഈ മേഖലയിലെ കത്തോലിക്കാ സാന്നിധ്യത്തിന്റെ പ്രതീകമായ സെന്റ് ലൂയിസ് ഡി മോണ്ട്ഫോർട്ട് ഇടവകയിൽ പ്രവേശിച്ചു. അവർ ഇടവകയെ ആക്രമിക്കുകയും ദൈവാലയത്തിന് തീയിടുകയും ചെയ്തു. വീടുകളും അടിസ്ഥാനസൗകര്യങ്ങളും നശിപ്പിക്കപ്പെട്ടു, ചരിത്രപ്രസിദ്ധമായ ഇടവക തകർന്നു” – ബിഷപ്പ് വേദനയോടെ പറയുന്നു.

2017 ഒക്ടോബറിൽ കലാപം ആരംഭിച്ചതിനു ശേഷം, പെമ്പ രൂപതയിൽ കുറഞ്ഞത് 117 പള്ളികളും ചാപ്പലുകളും നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും, 2025 ൽ മാത്രം 23 എണ്ണം ഇതിൽ ഉൾപ്പെടുന്നുവെന്നും ബിഷപ്പ് പറയുന്നു.