അമേരിക്കയുമായുള്ള യുദ്ധം ശാശ്വതമായി അവസാനിപ്പിക്കുന്നതിനായി ഇറാൻ മുന്നോട്ടുവെച്ച പുതിയ സമാധാന പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. പാകിസ്താൻ വഴി അമേരിക്കയ്ക്ക് കൈമാറിയ ഈ നിർദേശത്തിൽ മൂന്ന് പ്രധാന ഘട്ടങ്ങളാണുള്ളത്. വെടിനിർത്തൽ പ്രഖ്യാപിച്ച് 30 ദിവസത്തിനുള്ളിൽ യുദ്ധത്തിന് പൂർണ്ണമായ അന്ത്യം കുറിക്കുകയാണ് ഇതിലൂടെ ഇറാൻ ലക്ഷ്യമിടുന്നത്. യുദ്ധം നിലനിൽക്കുന്ന പശ്ചിമേഷ്യയിൽ ഉടനീളം പോരാട്ടം അവസാനിപ്പിക്കണമെന്ന നിർദേശവും ഇതിലുണ്ട്.
പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ ഹോർമുസ് കടലിടുക്ക് ഘട്ടംഘട്ടമായി തുറക്കാനും ഇറാനിയൻ തുറമുഖങ്ങൾക്കെതിരെയുള്ള അമേരിക്കൻ ഉപരോധം പിൻവലിക്കാനുമാണ് നിർദേശിച്ചിരിക്കുന്നത്. സമുദ്രത്തിലെ മൈനുകൾ നീക്കം ചെയ്യുന്നതിനുള്ള ചുമതല ഇറാൻ തന്നെ ഏറ്റെടുക്കും. ഇസ്റാഈൽ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആക്രമണങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്ന ഉറപ്പും (Nonaggression pledge) ഒന്നാം ഘട്ടത്തിൽ ഇറാൻ ആവശ്യപ്പെടുന്നുണ്ട്.
നിർദേശത്തിൻ്റെ രണ്ടാം ഘട്ടത്തിലാണ് ആണവ പദ്ധതിയ സംബന്ധിച്ച നിർണയകം വിവരങ്ങളുള്ളത്. ആണവ നിലയങ്ങൾ പൊളിച്ചുനീക്കാനോ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കാനോ ഇറാൻ തയ്യാറല്ലെന്ന് നിർദേശം വ്യക്തമാക്കുന്നു. സമയപരിധിക്ക് ശേഷം 3.6 ശതമാനം യൂറേനിയം സമ്പുഷ്ടീകരണത്തിലേക്ക് ഇറാൻ മടങ്ങുമെന്നും ഇത് ‘സീറോ സ്റ്റോറേജ്’ തത്വത്തിലായിരിക്കുമെന്നും (Zero-storage principle) നിർദേശത്തിലുണ്ട്.
ഇറാനും അതിൻ്റെ സഖ്യകക്ഷികളും ആക്രമണങ്ങളിൽ നിന്ന് പിന്തിരിയുന്നതിന് പകരമായി അമേരിക്കയും ഇസ്റാഈലും ഇറാനെ ആക്രമിക്കരുത് എന്നതാണ് മറ്റൊരു പ്രധാന നിബന്ധന. ഉപരോധങ്ങൾ നീക്കുന്നതിൻ്റെ ഭാഗമായി മരവിപ്പിച്ചു വെച്ചിട്ടുള്ള ഇറാാൻ്റെ ഫണ്ടുകൾ ഘട്ടംഘട്ടമായി വിട്ടുനൽകണമെന്നും സമാധാന പദ്ധതി ആവശ്യപ്പെടുന്നു.
മൂന്നാം ഘട്ടത്തിൽ, അറബ് അയൽരാജ്യങ്ങളുമായി തന്ത്രപരമായ ചർച്ചകൾ ആരംഭിക്കാനാണ് തെഹ്‌റാൻ ലക്ഷ്യമിടുന്നത്. പശ്ചിമേഷ്യ മുഴുവൻ ഉൾപ്പെടുന്ന ഒരു പുതിയ സുരക്ഷാ സംവിധാനം കെട്ടിപ്പടുക്കുകയാണ് ഇതിലൂടെ ഇറാൻ ആഗ്രഹിക്കുന്നത്. ഇതിലൂടെ പശ്ചിമേഷ്യയിൽ സുസ്ഥിരമായ സമാധാനം ഉറപ്പാക്കാൻ സാധിക്കുമെന്നാണ് ഇറാൻ്റെ കണക്കുകൂട്ടൽ.



