ഗോഹട്ടി: ആസാമില്‍ മൂന്നാം തവണയും ഹിമന്ത ബിശ്വ ശര്‍മയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലേക്ക്. കേരളത്തിലും തമിഴ്നാട്ടിലും ബംഗാളിലും മുഖ്യമന്ത്രിമാര്‍ക്ക് കാലിടറിയപ്പോള്‍ ജലൂക്ബാരി മണ്ഡലത്തില്‍ 63029 വോട്ടുകളുടെ ലീഡോടെയാണ് ഹിമന്ത ബിശ്വ ശര്‍മ വിജയം സ്വന്തമാക്കിയത്.
ആകെ 126 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 64 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. എന്നാല്‍ ബിജെപിക്ക് മാത്രം 81 സീറ്റുകളില്‍ ലീഡുണ്ട്. 21 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് ലീഡുള്ളത്. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗൗരവ് ഗൊഗോയ് അടക്കമുള്ളവരെ തോല്‍പ്പിച്ചതും ബിജെപിക്ക് നേട്ടമാണ്.
ജോർഹട്ടിൽ ബിജെപിയുടെ സിറ്റിംഗ് എംഎല്‍എയായ ഹിതേന്ദ്രനാഥ് ഗോസ്വാമിയോട് 23182 വോട്ടുകള്‍ക്കാണ് ഗൊഗോയ് പരാജയപ്പെട്ടത്. നിയമസഭയിലെ കന്നിയങ്കത്തിലാണ് ഗൊഗോയ് പരാജയം സമ്മതിച്ചത്. ജോര്‍ഹട്ട് ലോക്സഭാ മണ്ഡലത്തിലെ എംപി കൂടിയായ ഗൊഗോയ്ക്ക് 46257 വോട്ടുകളാണ് ലഭിച്ചത്.



