തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥികളായി മത്സരിച്ച ഭൂരിഭാഗം വനിതകളും വിജയിച്ചു. ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ അട്ടിമറികൾ നടന്നത് കോങ്ങാട്, ചിറയൻകീഴ്, എലത്തൂർ മണ്ഡലങ്ങളിലാണ്.
എൽഡിഎഫിന്റെ ഉരുക്കുകോട്ടയായ ചിറയൻകീഴിയൽ രമ്യാഹരിദാസും കോങ്ങാട് കെ.എ.തുളസിയും വിജയിച്ചു. അതേസമയം എലത്തൂരിൽ വിദ്യാബാലകൃഷ്ണൻ 12162 വോട്ടിന് ലീഡു ചെയ്യുകയാണ്. കഴിഞ്ഞ തവണ മന്ത്രി എ.കെ.ശശീന്ദ്രൻ നാൽപ്പതിനായിരം വോട്ടുകൾക്ക് വിജയിച്ച മണ്ഡലമാണ് എലത്തൂർ.
അതേസമയം കോഴിക്കോട് ജില്ലയിലെ തന്നെ മറ്റൊരു ചെങ്കോട്ടയായ പേരാമ്പ്രയിൽ യുഡിഎഫിലെ ഫാത്തിമ തഹ്ലിയ മികച്ച മുന്നേറ്റം നടത്തുകയാണ്. നിലവിൽ ഫാത്തിമ തഹ്ലിയ 5972 വോട്ടുകൾക്ക് ലീഡു ചെയ്യുകയാണ്.
തൃക്കാക്കരയിൽ യുഡിഎഫിലെ ഉമാതോമസ് 50211 വോട്ടിന്റെ ഭൂരിപക്ഷത്തിലും വടകരയിൽ കെ.കെ.രമ 14862 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. അരൂരിൽ ഷാനിമോൾ ഉസ്മാനും കൊല്ലത്ത് ബിന്ദു കൃഷ്ണവും മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചു.
കൊട്ടാരക്കരയിൽ എൈഷാ പോറ്റി കടുത്ത മത്സരം കാഴ്ചവയ്ക്കുകയാണ്. മാനന്തവാടിയിൽ മന്ത്രി ഒ.ആർ.കേളുവിനെ അട്ടിമറിച്ച് ഉഷവിജയൻ 10543 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എൽഡിഎഫ് നിരയിൽ ഒ.എസ്.അംബിക മാത്രമാണ് വിജയിച്ചത്.
പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്റെ ഭാര്യ പി.കെ.ശ്യാമളയുടെയും മന്ത്രി ആർ.ബിന്ദുവിന്റെയും പരാജയം സിപിഎമ്മിനെ ഞെട്ടിച്ചിരിക്കുകയാണ്.



