ന്യൂഡൽഹി; ഐപിഎല്ലിനിടെ ഡ്രസ്സിങ് റൂമിൽ വെച്ച് ഇ-സിഗരറ്റ് വലിച്ച രാജസ്ഥാൻ നായകൻ റിയാൻ പരാഗിനെതിരേ നടപടിയെടുത്ത് ബിസിസിഐ. പരാഗ് ചട്ടലംഘനം നടത്തിയതായി കണ്ടെത്തിയ ക്രിക്കറ്റ് ബോർഡ് താരത്തിന് കനത്ത പിഴ ശിക്ഷയായി വിധിച്ചു. മാച്ച് ഫീയുടെ 25% ആണ് പിഴയായി വിധിച്ചത്. രാജസ്ഥാൻ നായകൻ കുറ്റം സമ്മതിച്ചതിന് പിന്നാലെയാണ് നടപടി.

മാച്ച് ഫീയുടെ 25% തുക പിഴശിക്ഷയ്ക്ക് പുറമേ ഒരു ഡിമെറിറ്റ് പോയന്റും ചുമത്തിയതായി ബിസിസിഐ അറിയിച്ചു. താരങ്ങൾക്കും ടീം ഒഫീഷ്യലുകൾക്കുമുള്ള പെരുമാറ്റചട്ടത്തിലെ ലെവൽ 1 ലംഘിച്ചതായാണ് ബിസിസിഐ കണ്ടെത്തിയത്. മത്സരത്തിന് കളങ്കം വരുത്തുന്ന നടപടിയാണ് പരാഗിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് വിലയിരുത്തൽ. പിഴയ്ക്ക് പുറമേ ഇത്തരം പ്രവൃത്തികൾ ആവർത്തിക്കരുതെന്ന മുന്നറിയിപ്പും താരത്തിന് നൽകിയതായാണ് വിവരം.

ഐപിഎല്ലിൽ പഞ്ചാബിനെ തോൽപ്പിച്ചതിന് പിന്നാലെയാണ് പരാഗ് വിവാദത്തിൽ അകപ്പെട്ടത്. ഡ്രസ്സിങ് റൂമിൽ നിന്ന് ഇ-സിഗരറ്റ് വലിച്ചതാണ് വിവാദമായത്. സംഭവത്തിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. രാജസ്ഥാൻ ഇന്നിങ്‌സിന്റെ 16-ാം ഓവറിലാണ് സംഭവം. മത്സരം നടന്നുകൊണ്ടിരിക്കേ ഡ്രസ്സിങ് റൂമിൽ നിന്ന് പരാഗ് ഇ-സിഗരറ്റ് ഉപയോഗിക്കുകയായിരുന്നു. ക്യാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞതോടെ സംഭവം വൻ ചർച്ചയായി മാറി. 14-ാം ഓവറിൽ പുറത്തായി മടങ്ങിയതിന് പിന്നാലെയാണ് താരം ഇ-സിഗരറ്റ് വലിച്ചത്. മത്സരത്തിൽ 16 പന്തിൽ നിന്ന് 29 റൺസാണ് രാജസ്ഥാൻ ക്യാപ്റ്റൻ അടിച്ചെടുത്തത്.

നേരത്തേ ഡഗൗട്ടിൽ ഫോൺ ഉപയോഗിച്ചതിന് ടീം മാനേജർ റോമി ഭിന്ദർക്കെതിരേ നടപടിയെടുത്തിരുന്നു. ഒരു ലക്ഷം രൂപ പിഴയും താക്കീതും നൽകിയിരുന്നു. അതിന് പിന്നാലെയാണ് രാജസ്ഥാൻ നായകനും സമാനമായ നടപടിക്ക് വിധേയമാകുന്നത്.