ന്യൂയോർക്ക്: ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്ത് ഇന്ത്യയിൽ നിന്ന് കൊണ്ടുപോയ ലോകപ്രശസ്തമായ കോഹിനൂർ വജ്രം തിരികെ നൽകാൻ ബ്രിട്ടനിലെ ചാൾസ് രാജാവിനോട് ആവശ്യപ്പെടുമെന്ന് ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനി. സെപ്റ്റംബർ 11 സ്മാരക സന്ദർശനത്തിനായി ന്യൂയോർക്കിലെത്തിയ രാജാവുമായുള്ള കൂടിക്കാഴ്ചക്ക് മുന്നോടിയായാണ് മേയറുടെ നിർണ്ണായക പ്രതികരണം. ബുധനാഴ്ച നടന്ന വാർത്താ സമ്മേളനത്തിലാണ് കൊളോണിയൽ അധിനിവേശത്തിന്റെ അടയാളമായി അവശേഷിക്കുന്ന കോഹിനൂർ വജ്രത്തെക്കുറിച്ചുള്ള തന്റെ നിലപാട് മംദാനി വ്യക്തമാക്കിയത്.

 “രാജാവുമായി വ്യക്തിപരമായി സംസാരിക്കാൻ അവസരം ലഭിച്ചാൽ കോഹിനൂർ വജ്രം ഇന്ത്യക്ക് തിരികെ നൽകാൻ ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെടും,” മംദാനി പറഞ്ഞു. ന്യൂയോർക്ക് മേയറായ സൊഹ്‌റാൻ മംദാനി ഇന്ത്യൻ വംശജനാണ്. പ്രശസ്ത ചലച്ചിത്ര സംവിധായിക മീരാ നായരുടെ മകനാണ് അദ്ദേഹം. മീരാ നായർ ഇന്ത്യയിൽ ജനിച്ച് പിന്നീട് ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് കുടിയേറിയതാണ്. മംദാനിയുടെ പിതാവ് മഹ്മൂദ് മംദാനി ഉഗാണ്ട സ്വദേശിയാണ്.

നൂറ്റാണ്ടുകൾക്ക് മുമ്പ് ഇന്ത്യയിലെ കൊല്ലൂർ ഖനിയിൽ നിന്ന് കണ്ടെടുത്ത കോഹിനൂർ വജ്രം മുഗൾ, സിഖ് സാമ്രാജ്യങ്ങളുടെ പക്കലായിരുന്നു. 1849ൽ രണ്ടാം ആംഗ്ലോ-സിഖ് യുദ്ധത്തിന് ശേഷം, പത്തു വയസ്സുകാരനായ മഹാരാജ ദലീപ് സിങ്ങിൽ നിന്ന് ലാഹോർ ഉടമ്പടി പ്രകാരം ഈസ്റ്റ് ഇന്ത്യാ കമ്പനി വജ്രം കൈക്കലാക്കുകയായിരുന്നു. നിലവിൽ ലണ്ടൻ ടവറിലെ രാജ്ഞിയുടെ കിരീടത്തിലാണ് 105.6 കാരറ്റ് തൂക്കമുള്ള ഈ വജ്രം സൂക്ഷിച്ചിരിക്കുന്നത്.

സെപ്റ്റംബർ 11 ആക്രമണത്തിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് വേൾഡ് ട്രേഡ് സെന്റർ സന്ദർശിക്കാനാണ് ചാൾസ് രാജാവും കാമില രാജ്ഞിയും ന്യൂയോർക്കിലെത്തിയത്. ഈ സന്ദർശനത്തിനിടെ മേയർ ഉയർത്തിയ കോഹിനൂർ വിഷയം ആഗോളതലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.