പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ നടന്ന അതിശക്തമായ ചാവേർ ബോംബാക്രമണത്തിൽ പ്രതിരോധ മന്ത്രി സദിയോ കമാറ കൊല്ലപ്പെട്ടു. തലസ്ഥാനമായ ബമാകോയ്ക്ക് സമീപമുള്ള അദ്ദേഹത്തിന്റെ വസതി ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഭീകരവാദ ഗ്രൂപ്പുകളും വിഘടനവാദികളും ഒരേസമയം നടത്തിയ ഏകോപിത ആക്രമണത്തിലാണ് മന്ത്രിക്കും കുടുംബത്തിനും ജീവൻ നഷ്ടമായത്.
പ്രാദേശിക സമയം ശനിയാഴ്ച പുലർച്ചെയാണ് ആക്രമണം നടന്നത്. സ്‌ഫോടകവസ്തുക്കൾ നിറച്ച ട്രക്ക് മന്ത്രിയുടെ വസതിയിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നുവെന്ന് സർക്കാർ വക്താവ് ഈസ ഉസ്മാൻ കൗലിബാലി സ്ഥിരീകരിച്ചു. ആക്രമണകാരികളെ ചെറുക്കുന്നതിനിടെ പരിക്കേറ്റ സദിയോ കമാറ ആശുപത്രിയിൽ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്. അദ്ദേഹത്തിന്റെ കുടുംബത്തിലെ മൂന്ന് അംഗങ്ങളും ആക്രമണത്തിൽ കൊല്ലപ്പെട്ടു. മന്ത്രിയുടെ വസതി പൂർണ്ണമായും തകരുകയും സമീപത്തെ പള്ളിക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. പള്ളിയിൽ പ്രാർത്ഥനയ്‌ക്കെത്തിയ നിരവധി പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ഭീകരവാദ ഗ്രൂപ്പായ ജെഎൻഐഎം (JNIM), വിഘടനവാദി ഗ്രൂപ്പായ എഫ്എൽഎ (FLA) എന്നിവർ ചേർന്ന് നടത്തിയ ഈ നീക്കം വർഷങ്ങൾക്കിടയിൽ മാലി നേരിടുന്ന ഏറ്റവും വലിയ ഏകോപിത ആക്രമണമാണ്. കാത്തി, ഗാവോ, കിഡാൽ, സെവാരെ തുടങ്ങി വിവിധ നഗരങ്ങളിൽ ഒരേസമയം സ്ഫോടനങ്ങൾ നടന്നു. വടക്കൻ നഗരമായ കിഡാൽ ഇപ്പോൾ തങ്ങളുടെ പൂർണ്ണ നിയന്ത്രണത്തിലാണെന്ന് എഫ്എൽഎ അവകാശപ്പെട്ടു.
ആക്രമണത്തെത്തുടർന്ന് മാലിയുടെ ഭരണത്തലവൻ ജനറൽ അസിമി ഗോയിറ്റയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ബമാകോയിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആക്രമണത്തെ ശക്തമായി അപലപിച്ചു. ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയും ഫ്രഞ്ച് സൈന്യവും രാജ്യം വിട്ടതോടെ സുരക്ഷയ്ക്കായി റഷ്യൻ സേനയുടെ (Africa Corps) സഹായം തേടിയിരിക്കുകയായിരുന്നു മാലി. എന്നാൽ രാജ്യത്തിന്റെ വടക്കൻ മേഖലകളിൽ ഭീകരവാദികൾ ഇപ്പോഴും ശക്തമായ ഭീഷണി ഉയർത്തുന്നുണ്ടെന്നാണ് പുതിയ സംഭവവികാസങ്ങൾ വ്യക്തമാക്കുന്നത്.



