തൃശൂർ: കോട്ടപ്പുറം സ്വദേശി മണികണ്ഠനെ തിരിച്ചറിയാൻ സഹായകമായതു കാതിലണിഞ്ഞ കടുക്കനും കൈയിലെ മസിലും. മുഖവും ശരീരവും തകർന്ന നിലയിലായിരുന്ന മണികണ്ഠന്റെ ശരീരഭാഗങ്ങൾ കണ്ടു തിരിച്ചറിഞ്ഞത് കൂട്ടുകാരായിരുന്നു. ജിംനേഷ്യം ട്രെയ്നർകൂടിയായ മണികണ്ഠൻ (33) നേരത്തേ മിസ്റ്റർ തൃശൂർ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ നല്ല മസിലുള്ള ശരീരപ്രകൃതിയാണ്.
വെടിക്കോപ്പുപുരയിൽ ഒരു സഹായിയായി കൂടിയതായിരുന്നു പൂരം ആഘോഷ കമ്മിറ്റി അംഗമായ മണികണ്ഠൻ. പൂരക്കാലത്തു വെടിക്കെട്ടുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വലിയ ഉത്സാഹിയായിരുന്നു. സഹോദരൻ രാജീവും മണികണ്ഠനൊപ്പം മുണ്ടത്തിക്കോട്ടെ വെടിക്കോപ്പുപുരയിൽ ഉണ്ടായിരുന്നു. പൊട്ടിത്തെറിക്കു തൊട്ടുമുന്പ് ചായ വാങ്ങാൻ പുറത്തിറങ്ങിയതിനാൽ തലനാരിഴയ്ക്കാണു രാജീവ് രക്ഷപ്പെട്ടത്.
അപകടം നടന്ന ദിവസംതന്നെ മണികണ്ഠന്റെ മൃതദേഹം തിരിച്ചറിഞ്ഞിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നലെ രാവിലെ പതിനൊന്നൊടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. വീടിനു പുറത്ത് ആംബുലൻസിൽനിന്നു പുറത്തിറക്കാതെയായിരുന്നു പൊതുദർശനം.
മണികണ്ഠനും ജ്യേഷ്ഠനും വീട്ടുകാരും ചേർന്ന് ‘പൂരം മാവ്’ എന്നപേരിൽ റെഡി ടു കുക്ക് മാവിന്റെ വ്യാപാരം നടത്തിവരികയായിരുന്നു. പി. ബാലചന്ദ്രൻ എംഎൽഎ, കൗൺസിലർമാരായ സുനിത വിനോദ്, രഘുനാഥ്, സിപിഎം ഏരിയാ സെക്രട്ടറി അനൂപ് ഡേവിസ് കാട, തിരുവന്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ്കുമാർ, സുന്ദർ മേനോൻ, ദേവസ്വം ഭാരവാഹികൾ തുടങ്ങി സുഹൃത്തുക്കളും നാട്ടുകാരുമടക്കമുള്ള വൻജനാവലി കോട്ടപ്പുറം കാമത്ത് ലെയ്നിലുള്ള നാരായണനിവാസിൽ ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയിരുന്നു.



