തൃശൂർ: ഒന്പതു വർഷമായി വെടിക്കോപ്പു നിർമാണത്തിൽ സജീവമായ കോട്ടപ്പുറം അരങ്ങത്ത് വീട്ടിൽ അഭിജിത്ത് ബാബു (28) അച്ഛൻ ബാബുവിന്റെ പാത പിന്തുടർന്നാണ് ഈ രംഗത്തെത്തിയത്. കഴിഞ്ഞ നവംബറിൽ അച്ഛൻ മരിച്ചതിനുശേഷമുള്ള ആദ്യപൂരമാണിത്. അച്ഛനുവേണ്ടി വെടിക്കെട്ട് ഗംഭീരമാക്കണമെന്ന ആഗ്രഹത്തിലാണ് മുണ്ടത്തിക്കോട് വെടിക്കോപ്പുനിർമാണത്തിൽ ഇക്കുറിയും സജീവമായത്. എന്നാൽ, വിധി മറ്റൊന്നായി.
മരിച്ചവരെന്നു സംശയിക്കുന്നവരുടെ കൂട്ടത്തിൽ അഭിജിത്ത് ഉണ്ടാകരുതേയെന്ന പ്രാർഥനയിൽ സ്വകാര്യ ആശുപത്രികളിലടക്കം സഹോദരൻ അഞ്ചൽ ബാബു അന്വേഷിച്ചിരുന്നു. മോർച്ചറിക്കു മുന്പിൽ സൃഹൃത്തുക്കൾക്കൊപ്പമാണ് എത്തിയത്. സമീപത്തെ ആശുപത്രികളിൽ സഹോദരൻ ഇല്ലെന്നു മാധ്യമപ്രവർത്തകർ മുഖാന്തരം ഉറപ്പിച്ചതോടെ ഡിഎൻഎ പരിശോധനയ്ക്കു രക്തസാന്പിൾ നൽകുകയായിരുന്നു.
ഒന്പതുവർഷമായി വെടിക്കോപ്പുനിർമാണരംഗത്തു സജീവമായിരുന്നു അഭിജിത്ത്. അവിവാഹിതനാണ്. അമ്മ: ജിജി. സഹോദരി: ആഗ്നസ്.
ആദ്യം ഓടിയെത്തിയയാൾ ഇപ്പോഴും കാണാമറയത്ത്
തൃശൂർ: തിരുവന്പാടി ക്ഷേത്രത്തിലെ ആവശ്യങ്ങൾക്ക് ആദ്യം ഓടിയെത്തുന്ന പുതൂർക്കര സ്വദേശി വിഷ്ണു വിനോദ് (35), ഒരുകൈ സഹായത്തിനുവേണ്ടിയാണ് അപകടമുണ്ടായ മുണ്ടത്തിക്കോട് ഇന്നലെ ആദ്യമായി എത്തിയത്. അവസാനഘട്ടത്തിൽ സഹായിക്കുക മാത്രയായിരുന്നു ലക്ഷ്യം.
ദുരന്തത്തിൽ ഉൾപ്പെട്ടവരിൽ മനക്കൊടി ഓലാട്ടുപടിക്കൽ വിഷ്ണുവുമുണ്ടെന്നു കരുതുന്പോഴും ഡിഎൻഎ പരിശോധനാഫലത്തിനായി കാത്തിരിക്കുകയാണു സഹോദരി വിജയശ്രീയും ബന്ധുക്കളും.
രാത്രി ഏറെ വൈകിയിട്ടും ഫോണ് എടുക്കാതെ വന്നതോടെയാണ് ദുരന്തത്തിൽ ഉൾപ്പെട്ടിട്ടുണ്ടാകാമെന്ന സംശയം ഉയർന്നതെന്ന് വിഷ്ണുവിന്റെ ബന്ധു ഷൈൻ നെല്ലങ്കര പറഞ്ഞു.
ഡിഎൻഎ പരിശോധനയ്ക്ക് അമ്മ കാന്തിമതിയിൽനിന്നാണ് സാന്പിൾ എടുത്തത്. വടക്കുന്നാഥനിൽ വെടിക്കെട്ടു പ്രദർശനം നടക്കുന്ന സമയത്തും വിഷ്ണു സഹായിക്കാൻ എത്താറുണ്ടായിരുന്നു. നാലുവർഷമായി ഒരു പെണ്കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന വിഷ്ണുവിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നു. അച്ഛൻ പരേതനായ വിജയകുമാർ. ഒരു സഹോദരി നേരത്തേ മരിച്ചു.



