തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ രണ്ട് ചരക്കുകപ്പലുകൾ ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് നാവികസേന പിടിച്ചെടുത്തു. സമുദ്രപാതയിലെ ക്രമവും സുരക്ഷയും തകർക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് കപ്പലുകൾ കസ്റ്റഡിയിലെടുത്തതെന്ന് ഇറാൻ വ്യക്തമാക്കി. പിടിച്ചെടുത്ത രണ്ട് കപ്പലുകളെയും ഇറാൻ്റെ തീരപ്രദേശങ്ങളിലേക്ക് മാറ്റിയതായും അവിടെ വിശദമായ പരിശോധനകൾ നടക്കുമെന്നും ഐആർജിസി നാവികസേന പ്രസ്താവനയിൽ അറിയിച്ചു. പശ്ചിമേഷ്യൻ യുദ്ധമുഖത്ത് വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കെയാണ് ഇറാന്റെ ഈ പുതിയ സൈനിക നടപടി.
ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗത സുരക്ഷ ഇറാന്റെ പരമപ്രധാനമായ ലക്ഷ്യമാണെന്ന് റെവല്യൂഷണറി ഗാർഡ് ഓർമ്മിപ്പിച്ചു. ‘ഹോർമുസ് കടലിടുക്കിലെ ക്രമവും സുരക്ഷയും തകർക്കാൻ ശ്രമിക്കുന്നത് ഇറാന്റെ റെഡ് ലൈൻ (അതിർവരമ്പ്) ലംഘിക്കുന്നതിന് തുല്യമാണ്. ഇതിനെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കും’, ഇറാൻ്റെ ഭാഗത്തുനിന്നും മുന്നറിയിപ്പ് നൽകി. നേരത്തെ ഇതേ മേഖലയിൽ വെച്ച് ഒരു കപ്പലിന് നേരെ വെടിവെപ്പുണ്ടായതായും ഒമാൻ തീരത്ത് വെച്ച് മറ്റൊരു കപ്പലിന് നാശനഷ്ടങ്ങൾ സംഭവിച്ചതായും ബിബിസി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെടിനിർത്തൽ കാലാവധി നീട്ടിയതായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഹോർമുസിൽ ഇറാൻ്റെ ഈ പുതിയ നീക്കം. എംഎസ് സി ഫ്രാൻസെസ്ക, എപ്പാമിനോണ്ടാസ് എന്നീ കപ്പലുകൾ ഇറാൻ പിടിച്ചെടുത്തതായാണ് ലഭിക്കുന്ന വിവരങ്ങൾ. നാവിഗേഷൻ സംവിധാനങ്ങളിൽ കൃത്രിമം കാട്ടിയെന്നും ആവശ്യമായ അനുമതികളില്ലാതെ സമുദ്രപാതയിലൂടെ സഞ്ചരിച്ചുവെന്നും ആരോപിച്ചാണ് കപ്പലുകൾ തടഞ്ഞുവെച്ചിരിക്കുന്നത്. അമേരിക്കൻ നാവികസേന മേഖലയിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധത്തിന് മറുപടിയായാണ് ഇറാൻ ഇത്തരം നടപടികൾ സ്വീകരിക്കുന്നതെന്ന് നിരീക്ഷകർ കരുതുന്നു.
ലോകത്തിലെ ഏറ്റവും തിരക്കേറിയ എണ്ണ വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിലെ ഈ സംഘർഷം ആഗോള ഇന്ധന വിപണിയെയും ബാധിക്കാനിടയുണ്ട്. കപ്പലുകൾ പിടിച്ചെടുത്ത നടപടി സമാധാന ചർച്ചകളെ പ്രതികൂലമായി ബാധിക്കുമെന്ന് അമേരിക്കൻ പ്രതിരോധ വകുപ്പ് വക്താവ് സൂചിപ്പിച്ചു. എന്നാൽ ഇറാന്റെ പരമാധികാരത്തെയും ദേശീയ താൽപ്പര്യങ്ങളെയും സംരക്ഷിക്കാൻ ഇത്തരം നടപടികൾ അനിവാര്യമാണെന്നാണ് ടെഹ്റാനിലെ ഭരണകൂടത്തിന്റെ നിലപാട്. പശ്ചിമേഷ്യൻ യുദ്ധമുഖത്ത് വരും ദിവസങ്ങളിൽ കൂടുതൽ നയതന്ത്ര നീക്കങ്ങൾ ഉണ്ടായേക്കാമെന്നാണ് റിപ്പോർട്ടുകൾ.



