കണ്ണൂർ: ‘എന്റെ കുഞ്ഞിനെ അവരെല്ലാം ചേർന്നു കൊന്നു, ഇതിനായിരുന്നോ ഞാൻ അവനെ ഇവിടേക്കയച്ചത്, മകന്റെ കൊലയാളികളെ ആരെയും എനിക്കു കാണേണ്ട…’ മകൻ നഷ്ടപ്പെട്ട ഒരച്ഛന്റെ വിലാപമാണിത്. നിതിൻ രാജിന്റെ അച്ഛൻ രാജനും നിതിൻ രാജിന്റെ സഹോദരീഭർത്താവ് അശോകനും ഇന്നലെ രാവിലെ മെഡിക്കൽ കോളജിലെത്തിയപ്പോഴായിരുന്നു വൈകാരികമായ രംഗങ്ങൾ.
പ്രിൻസിപ്പലിനെ കാണാനായിരുന്നു ഇരുവരും എത്തിയതെങ്കിലും നിതിൻ രാജ് വീണു കിടന്ന സ്ഥലം കണ്ടപ്പോൾ വികാരാധീനനായ രാജൻ സങ്കടമടക്കാനാകാതെ പൊട്ടിക്കരഞ്ഞു കൊണ്ട് മകൻ വീണു കിടന്ന അതേ സ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു.
പ്രിൻസിപ്പൽ ഉള്പ്പെടെയുള്ളവരാണ് തന്റെ മകനെ കൊന്നതെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് വിളിച്ചു പറഞ്ഞാണ് രാജൻ കുഴഞ്ഞുവീണത്. പിന്നീട് പ്രിൻസിപ്പൽ ഉൾപ്പെടെ ആരെയും കാണാതെ അവർ മടങ്ങി. മകൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും എല്ലാവരും ചേർന്ന് ഉപദ്രവിച്ച് കൊന്നതാണെന്നും ആവർത്തിച്ചു പറഞ്ഞുകൊണ്ടായിരുന്നു മടക്കം. മെഡിക്കൽ കോളജിൽ നിതിൻ രാജിനെ ചേർക്കാൻ വന്ന ശേഷം രണ്ടാമതായി ഇന്നലെയാണ് മെഡിക്കൽ കോളജിൽ വരുന്നത്.
അധ്യാപികയായ ലത അടക്കമുള്ള അധ്യാപകർക്കെതിരേ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തണമെന്നു നിതിനിന്റെ സഹോദരീഭർത്താവ് അശോകൻ ആവശ്യപ്പെട്ടു. പ്രിൻസിപ്പലിന്റെ മുറിയിൽ വിളിച്ചുവരുത്തി വലിയ മാനസിക പീഡനമാണ് ഏൽപ്പിച്ചത്. ഡോ. റാമും സംഗീതയും ഒരു പോലെ കുറ്റക്കാരാണ്. ലോൺ ആപ്പിന്റെ പേരിൽ നിതിനെ സംഘടിതമായി വ്യക്തിഹത്യ ചെയ്യുകയായിരുന്നു. ജാതി അധിക്ഷേപം ഉൾപ്പെടെയുള്ള മറ്റു കാര്യങ്ങളെല്ലാം ഇപ്പോൾ ലോൺ ആപ്പിന്റെ പേരിൽ മറച്ചുവയ്ക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും അശോകൻ ആരോപിച്ചു.
ഡോ. റാമിന്റെയും ഡോ. സംഗീതയുടെയും മുൻകൂർ ജാമ്യഹർജി ഇന്ന് പരിഗണിക്കും
ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജ് കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിൽനിന്നു ചാടി മരിച്ച കേസിൽ ആരോപണവിധേയരായ ഡോ. എം.കെ. റാം, ഡോ. സംഗീത നന്പ്യാർ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നു പരിഗണിക്കും.
അഭിഭാഷകരായ കിഷോർ, വിജയകൃഷ്ണൻ എന്നിവർ മുഖാന്തരമാണ് ഇരുവരും മുൻകൂർ ജാമ്യാപേക്ഷ ഫയൽ ചെയ്തത്. ജീവനൊടുക്കുന്നതിന് മുമ്പ് നിതിൻ രാജ് രണ്ടു മണിക്കൂറോളം കോളജ് പ്രിൻസിപ്പലിന്റെ മുറിയിലാണ് ഉണ്ടായിരുന്നതെന്നും നിതിന്റെ മരണത്തിൽ തങ്ങൾക്ക് യാതൊരു ബന്ധവും ഇല്ലെന്നുമാണ് ഇരുവരും ഹർജിയിൽ പറയുന്നത്.
നിതിൻ രാജ് പ്രിൻസിപ്പലിന്റെ മുറിയിലുള്ള സമയത്ത് വൈസ് പ്രിൻസിപ്പലും ഡോ. ലതയും ഉൾപ്പെടെ മറ്റ് പലരും അവിടെ ഉണ്ടായിരുന്നു. ഡോ. ലതയാണു നിതിനെതിരേ സൈബർ സെല്ലിനു പരാതി നൽകിയത്. മൂന്നാഴ്ച മുമ്പ് നടന്ന സംഭവത്തിന്റെ പേരിലാണ് തങ്ങളെ പ്രതി ചേർത്തിട്ടുള്ളതെന്നുമാണ് ഇരുവരും ഹർജിയിൽ പറയുന്നത്.
ലോൺ ആപ്പ് നടത്തിപ്പുകാരെ കസ്റ്റഡിയിൽ വാങ്ങും
അഞ്ചരക്കണ്ടി കണ്ണൂർ ഡെന്റൽ കോളജിലെ വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഭീഷണി മുഴക്കിയതിന് അറസ്റ്റിലായ ‘ഇൻസ്റ്റന്റ് ഫണ്ട്സ്’ എന്ന ലോൺ ആപ്പ് നടത്തിപ്പുകാരെ പോലീസ് കസ്റ്റഡിയിൽ വാങ്ങും. കണ്ണൂർ സിറ്റി കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസ് നോയിഡയിൽ വച്ച് അറസ്റ്റ് ചെയ്ത ഉത്തർപ്രദേശ് ഗാസിയാബാദ് സ്വദേശിയായ ഋഷികേഷ് തിവാരി (32), ഉത്തർപ്രദേശ് സ്വദേശിയായ പ്രശാന്ത് ഖേവൽ (28), ഹരിയാന ഫരീദാബാദ് സ്വദേശിയായ പ്രകാശ് ജയ് (54) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങുന്നത്. ഇതിനായുള്ള അപേക്ഷ അടുത്ത ദിവസം കോടതിയിൽ നൽകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്താൽ ലോൺ ആപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.



