അമേരിക്കയുമായുള്ള സമാധാന ചർച്ചകളുടെ അടുത്ത ഘട്ടത്തിനായി ഇതുവരെ തീയതി നിശ്ചയിച്ചിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കി. ചർച്ചകൾ പുനരാരംഭിക്കുന്നതിന് മുൻപ് ഇരുപക്ഷവും തമ്മിൽ കൃത്യമായ ഒരു ധാരണാപത്രം (Framework of Understanding) രൂപീകരിക്കണമെന്നാണ് ഇറാന്റെ നിലപാട്. ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സയീദ് ഖാതിബ്സാദെയാണ് ശനിയാഴ്ച ഇക്കാര്യം അറിയിച്ചത്.

പാകിസ്ഥാൻ മധ്യസ്ഥതയിൽ നടന്ന ആദ്യഘട്ട ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇറാന്റെ ഈ വെളിപ്പെടുത്തൽ. തങ്ങൾ ഒരു നിശ്ചിത സമയപരിധിക്ക് ഉള്ളിലല്ല പ്രവർത്തിക്കുന്നതെന്നും, പരാജയപ്പെടാൻ സാധ്യതയുള്ള ചർച്ചകളിലേക്ക് കടക്കാൻ താല്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പരാജയപ്പെടുന്ന ഓരോ ചർച്ചയും മേഖലയിൽ സംഘർഷം വർദ്ധിപ്പിക്കാൻ മാത്രമേ സഹായിക്കൂ എന്നും അദ്ദേഹം കൂട്ടിചേർത്തു.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമാധാന ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് അവകാശപ്പെടുമ്പോഴും ഇറാൻ അത് തള്ളുകയാണ്. അമേരിക്കൻ ഭാഗത്തുനിന്നുള്ള സന്ദേശങ്ങൾ പലപ്പോഴും പരസ്പരവിരുദ്ധമാണെന്ന് ഇറാൻ ആരോപിക്കുന്നു. ഇറാന്റെ തുറമുഖങ്ങൾക്കുമേൽ അമേരിക്ക ഏർപ്പെടുത്തിയിട്ടുള്ള നാവിക ഉപരോധം നീക്കാതെ ചർച്ചകളിൽ സഹകരിക്കില്ലെന്ന കർക്കശമായ നിലപാടിലാണ് ഇറാൻ ഭരണകൂടം. ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട തർക്കം ഈ സാഹചര്യത്തിൽ കൂടുതൽ രൂക്ഷമാകുകയാണ്. കഴിഞ്ഞ ദിവസം ലബനനിലെ വെടിനിർത്തലിനോട് അനുബന്ധിച്ച് കടലിടുക്ക് താൽക്കാലികമായി തുറന്നെങ്കിലും, അമേരിക്ക ഉപരോധം തുടരുന്നതിനാൽ ഇത് വീണ്ടും അടയ്ക്കുകയാണെന്ന് ഇറാന്റെ സൈനിക കമാൻഡ് അറിയിച്ചു. അമേരിക്ക തങ്ങളുടെ മേൽ സമ്മർദ്ദം ചെലുത്താൻ ശ്രമിക്കുന്നതിനിടയിൽ സമാധാന ചർച്ചകൾക്ക് പ്രസക്തിയില്ലെന്ന് ഖാതിബ്സാദെ പറഞ്ഞു.

ഇറാന്റെ ആണവ പദ്ധതികൾ, യുറേനിയം ശേഖരം കൈമാറുന്നത് എന്നിവയുമായി ബന്ധപ്പെട്ടും ഇരുരാജ്യങ്ങളും തമ്മിൽ വലിയ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്. യുറേനിയം ശേഖരം പൂർണ്ണമായും കൈമാറണമെന്ന ട്രംപിന്റെ ആവശ്യം ഇറാൻ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇത്തരത്തിലുള്ള തർക്കവിഷയങ്ങളിൽ ഒരു പൊതുധാരണയിൽ എത്തുന്നതുവരെ രണ്ടാം ഘട്ട ചർച്ചകൾക്ക് സാധ്യതയില്ലെന്നാണ് സൂചന. തുർക്കിയിൽ നടക്കുന്ന ഒരു നയതന്ത്ര ഫോറത്തിനിടെയാണ് ഇറാൻ മന്ത്രി ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്. അമേരിക്കയുടെ ഭാഗത്തുനിന്നുള്ള ‘അമിത ആവശ്യങ്ങൾ’ ചർച്ചകളെ തടസ്സപ്പെടുത്തുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാകിസ്ഥാൻ വഴിയുള്ള നയതന്ത്ര നീക്കങ്ങൾ തുടരുന്നുണ്ടെങ്കിലും നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് ഇറാൻ ഇതുവരെ തയ്യാറായിട്ടില്ല.