ഡോ. ജോർജ് എം. കാക്കനാട്
ഹൂസ്റ്റൺ: അമേരിക്കൻ മലയാളികൾ ഏറേ കാത്തിരുന്ന വിസ്മയക്കാഴ്ചയായ ‘കിലുക്കം 25’ മെഗാ ഷോ ഹൂസ്റ്റണിൽ അരങ്ങേറുന്നു. മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ നേതൃത്വത്തിൽ, ഷുഗർ ലാൻഡിലെ സ്മാർട്ട് ഫൈനാൻഷ്യൽ സെന്ററിൽ വെച്ചാണ് ഈ വൻപിച്ച കലാവിരുന്ന് നടക്കുന്നത്. അമേരിക്കയിലെ ഷോ പരമ്പരയിലെ ആദ്യ വേദിയാണ് ഹൂസ്റ്റൺ.
മോഹൻലാലിനൊപ്പം മനോജ് കെ. ജയൻ, സ്റ്റീഫൻ ദേവസ്സി തുടങ്ങി പതിനഞ്ചോളം പ്രശസ്ത കലാകാരന്മാരാണ് വേദിയിൽ അണിനിരക്കുന്നത്. രണ്ടാഴ്ചയായി ഹൂസ്റ്റണിൽ തമ്പടിച്ച് കഠിനമായ റിഹേഴ്സലുകൾ പൂർത്തിയാക്കിയാണ് സംഘം വേദിയിലെത്തിയത്.
സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ധനശേഖരണാർത്ഥമാണ് ഈ ഷോ സംഘടിപ്പിക്കുന്നത്. ഒനീൽ കുറുപ്പിന്റെ ഉടമസ്ഥതയിലുള്ള ‘കാരാവള്ളിൽ ഇൻവെസ്റ്റ്‌മെന്റ് വെഞ്ചർ’ ആണ് ഹൂസ്റ്റൺ ഷോയുടെ പ്രധാന സ്പോൺസർ.

വൈകുന്നേരം 5:30 മുതൽ കാണികൾക്കായുള്ള പ്രവേശനം ആരംഭിച്ചു. നിശ്ചിത എണ്ണം ടിക്കറ്റുകൾ കൗണ്ടറുകളിൽ നേരിട്ടും ഓൺലൈനായും ലഭ്യമാക്കിയിരുന്നു. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സജന്യമാണ്.
ഡാളസിൽ സുഹൃത്തുക്കൾക്കൊപ്പം വിഷു ആഘോഷിച്ച ശേഷമാണ് മോഹൻലാൽ സ്വകാര്യ വിമാനത്തിൽ ഷുഗർ ലാൻഡിൽ എത്തിയത്. ലാലേട്ടന്റെ സാന്നിധ്യം ഹൂസ്റ്റണിലെ മലയാളികൾക്ക് ഒരു വലിയ ഉത്സവ പ്രതീതിയാണ് നൽകുന്നത്.
അത്യാധുനിക സൗകര്യങ്ങളുള്ള സ്മാർട്ട് ഫൈനാൻഷ്യൽ സെന്ററിൽ കാണികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. സംഗീതവും അഭിനയവും ഹാസ്യവും കോർത്തിണക്കിയ ‘കിലുക്കം 25’ അമേരിക്കയിലെ മലയാളി സമൂഹത്തിന് ഒരു പുത്തൻ അനുഭവമായി മാറിക്കഴിഞ്ഞു.



