യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇറാനുമായി സമാധാന കരാറിലെത്തിയെന്ന അവകാശവാദങ്ങളെ പരിഹസിച്ച് ഇറാന്‍ ഔദ്യോഗിക മാധ്യമങ്ങള്‍. ട്രംപിന്റെ പ്രസ്താവനകള്‍ വെറും ആകാശക്കോട്ടകള്‍ മാത്രമാണെന്നും യാഥാര്‍ത്ഥ്യവുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും ഇറാന്‍ സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ ഐആര്‍ഐബി (IRIB) പറഞ്ഞു.
”ഒട്ടകം പരുത്തിക്കുരു സ്വപ്നം കാണുന്നു, ചില സമയത്ത് അത് വിഴുങ്ങുന്നതായിട്ട്, ചിലപ്പോള്‍ അത് ഓരോന്നായി തിന്നുന്നതായിട്ട്” എന്ന പ്രശസ്തമായ പേര്‍ഷ്യന്‍ പഴഞ്ചൊല്ല് പങ്കുവെച്ചാണ് ഇറാന്‍ ട്രംപിനെ ട്രോളിയത്. അസാധ്യമായ കാര്യങ്ങള്‍ നടക്കുമെന്ന് വ്യാമോഹിക്കുന്നവരെ സൂചിപ്പിക്കാനാണ് ഈ പഴഞ്ചൊല്ല് ഉപയോഗിക്കുന്നത്.
അടുത്തിടെ നടന്ന സംഘര്‍ഷങ്ങള്‍ക്ക് ശേഷം അമേരിക്കയും ഇറാനും തമ്മില്‍ കരാറിലേക്ക് വളരെ അടുത്തിരിക്കുകയാണെന്ന് ട്രംപ് വൈറ്റ് ഹൗസില്‍ നടത്തിയ പ്രസംഗത്തില്‍ അവകാശപ്പെട്ടു. ഇറാന്‍ സമ്പുഷ്ട യുറേനിയം ശേഖരം കൈമാറാന്‍ സമ്മതിച്ചുവെന്നും, അതിനെ ”ന്യൂക്ലിയര്‍ ഡസ്റ്റ്” എന്ന് വിശേഷിപ്പിച്ചുവെന്നും, ”കുറച്ച് കാര്യങ്ങള്‍ ഒഴികെ എല്ലാം” ഇറാന്‍ അംഗീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ പ്രസ്താവന തള്ളിക്കൊണ്ടാണ് ഇറാന്‍ മാധ്യമങ്ങളുടെ ഈ പ്രതികരണം. സമാധാന കരാര്‍ ഉണ്ടായാല്‍ അമേരിക്കയ്ക്ക് സൗജന്യമായി എണ്ണ നല്‍കുമെന്നും ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കുമെന്നും ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നു.
അതേസമയം, കഴിഞ്ഞ ആഴ്ച ഇസ്ലാമാബാദില്‍ നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ ട്രംപിന്റേത് വെറും രാഷ്ട്രീയ ഗീര്‍വാണങ്ങള്‍ മാത്രമാണെന്നാണ് ഇറാന്‍ പക്ഷം. യുറേനിയം സമ്പുഷ്ടീകരണ വിഷയത്തില്‍ തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്നും അമേരിക്കയുടെ അമിതമായ ആവശ്യങ്ങള്‍ അംഗീകരിക്കില്ലെന്നും ഇറാന്‍ കൂട്ടിച്ചേര്‍ത്തു.
കരാര്‍ അന്തിമമായാല്‍ പാകിസ്ഥാനിലേക്ക് യാത്ര ചെയ്യാമെന്നും അതേസമയം, ഇറാനുമായുള്ള ചര്‍ച്ചകളില്‍ വലിയ മുന്നേറ്റം ഉണ്ടാകുകയാണെന്നും ട്രംപ് ആവര്‍ത്തിച്ചു. ഇറാനെതിരെ അമേരിക്ക ”വേഗത്തില്‍ വിജയം” കൈവരിക്കുമെന്നും, സമീപകാല സൈനിക നടപടികള്‍ ഇറാന്റെ ശേഷി ദുര്‍ബലമാക്കിയെന്നും ട്രംപ് പറഞ്ഞു. ഇപ്പോള്‍ ഇറാനുമായുള്ള നമ്മുടെ ബന്ധം വളരെ നല്ലതാണ്, വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണെങ്കിലും” അദ്ദേഹം പറഞ്ഞു. ഇറാന്റെ സൈനിക ശക്തി ഗണ്യമായി കുറഞ്ഞുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ”ഞങ്ങള്‍ രണ്ട് മാസം അവിടെ തുടരും, ഉടന്‍ തന്നെ വിജയം നേടും” ട്രംപ് പറഞ്ഞു.



