കോഴിക്കോട്: കോഴിക്കോട് ചെറൂട്ടി റോഡിലെ പള്ളിയുടെ പരിസരത്ത് ആറുമാസം വളർച്ചയുള്ള ഗർഭസ്ഥശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പാലക്കാട് സ്വദേശിനിയായ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
പാലക്കാട്ടുനിന്ന് തീർഥാടനത്തിനെത്തിയ സംഘത്തോടൊപ്പമുണ്ടായിരുന്ന പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശിനിയായ യുവതി സംഘാംഗങ്ങളെ അറിയിക്കാതെ പള്ളിയുടെ പിന്നിൽ പ്രസവിക്കുകയായിരുന്നു.
പ്രസവശേഷം കുഞ്ഞിനെ ഉപേക്ഷിച്ച് ഇതേബസില്‍ തന്നെ കയറി ഇരിക്കുകയായിരുന്നു. തീർഥാടക സംഘത്തിലെ യുവാവാണ് ബുധനാഴ്ച വൈകുന്നേരം നാലരയോടെ പള്ളിയുടെ പരിസരത്ത് മൃതദേഹം കണ്ടത്.
പള്ളി വികാരിയെ ഇക്കാര്യം അറിയിച്ചതോടെ ഉടൻ തന്നെ പള്ളി അധികൃതർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് യുവതിയെ പോലീസ് തിരിച്ചറിഞ്ഞത്.
യുവതി ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ക്ഷീണിതയായി കണ്ട യുവതിയെ കോട്ടപ്പുറം ഗവ. ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
ആറുമാസം ഗർഭിണിയായ യുവതിയെ തീർഥാടക സംഘം ഒപ്പം കൊണ്ടുപോകുന്നില്ലെന്ന് പറഞ്ഞെങ്കിലും യുവതി നിർബന്ധപൂർവം കൂടെ കൂടുകയായിരുന്നു എന്നാണ് വിവരം.
പള്ളിയുടെ പരിസരത്തുവച്ച് വേദന ഉണ്ടാകുകയും പ്രസവിക്കുകയും ചെയ്ത യുവതി ഇക്കാര്യം തീർഥാടക സംഘത്തിലെ മറ്റുള്ളവർ അറിഞ്ഞാൽ കുഴപ്പമാകുമെന്നു കരുതി മരിച്ചനിലയിൽ കണ്ട കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു.



