തിരിച്ചിറപ്പള്ളി: തമിഴകം വെട്രി കഴകം അധ്യക്ഷൻ വിജയ് ക്രിസ്ത്യാനിയാണോ എന്ന ചോദ്യവുമായി ഡിഎംകെ രം​ഗത്ത്. വിജയ് എപ്പോഴാണ് ജോസഫ് വിജയ് ആയതെന്ന് തിരുച്ചിറപ്പള്ളി ഈസ്റ്റിൽ വിജയ്‍യുടെ എതിരാളി ആയ ഡിഎംകെ എംഎൽഎ ഇനിഗോ ഇറുദയരാജ്‌ ചോദിക്കുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രിസ്ത്യാനികൾ ഉപദ്രവിക്കപ്പെട്ടപ്പോൾ വിജയ് പ്രതികരിച്ചില്ലെന്നും ക്രിസ്ത്യൻ വോട്ടുകൾ ഡിഎംകെയ്ക്ക് തന്നെ ലഭിക്കുമെന്നും ഇനിഗോ പറഞ്ഞു.

ബിജെപിക്ക് പിന്നാലെയാണ് വിജയ്‍യുടെ ക്രിസ്ത്യൻ പരിവേഷം ഡിഎംകെ ചോദ്യം ചെയ്യുന്നത്. ഇപ്പോൾ എന്തിനാണ് ജോസഫ് വിജയ് ആയത്? ഇത്രയും നാൾ വിജയ് ആയിരുന്നില്ലേ? ക്രിസ്ത്യാനികൾ ഉപദ്രവിക്കപ്പെട്ടപ്പോൾ പ്രതികരിച്ചിട്ടുണ്ടോ? തുടങ്ങിയ ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് തിരിച്ചിറപ്പള്ളി ഈസ്റ്റ് എംഎൽഎ ഇനിഗോ ഇറുദയരാജ് രം​ഗത്തുവന്നിരിക്കുന്നത്. ബിജെപിയുടെ ബി ടീം മാത്രമാണ് വിജയ് എന്നും ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും ഹിന്ദുക്കൾക്കും അതറിയാമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ക്രിസ്ത്യൻ വോട്ടുകൾ ഡിഎംകെയ്ക്ക് തന്നെ കിട്ടും. ചില ചെറുപ്പക്കാരുടെ വോട്ട് വിജയ്ക്ക് കിട്ടിയേക്കാം. അത് സിനിമ നടൻ ആയത് കൊണ്ടാണ്. അവരും തിരിച്ചുവരുമെന്നും ഇനിഗോ പറഞ്ഞു. വിജയ് മത്സരിക്കുന്ന രണ്ടാം മണ്ഡലം ആണ് തിരുച്ചി ഈസ്റ്റ്.