സിനിമാ താരങ്ങള്‍ക്കാപ്പം എപ്പോഴും ഉള്ള ഒന്നാണ് ഗോസിപ്പ്. അഭിനേതാവില്‍ നിന്നും താരത്തിലേക്കുള്ള വളര്‍ച്ചയില്‍ മിക്കവര്‍ക്കും ഗോസിപ്പ് കോളങ്ങളിലും ഇടം പിടിക്കേണ്ടി വരാറുണ്ട്. സോഷ്യല്‍ മീഡിയയുടെ ഇക്കാലത്ത് അത് കൂടുതലുമാണ്. ആളുകളുടെ ക്ലിക്കിന് വേണ്ട കോണ്ടെന്‍റിനായി പരക്കം പായുന്ന യുട്യൂബേഴ്സിനെയും മറ്റും സംബന്ധിച്ച് ഇത്തരത്തിലുള്ള ഗോസിപ്പുകള്‍ വലിയ സാധ്യതയുമാണ്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു ഗോസിപ്പിന് പ്രതികരിക്കേണ്ട ആള്‍ തന്നെ പ്രതികരിച്ചിരിക്കുകയാണ്. പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും തമ്മിലുള്ള വിവാഹത്തിന് കാത്തിരിക്കുന്നതായ കമന്‍റിന് കല്യാണിയുടെ അമ്മ ലിസി ലക്ഷ്മി തന്നെയാണ് പ്രതികരിച്ചിരിക്കുന്നത്.

വിഷു ആശംസകള്‍ നേര്‍ന്നുകൊണ്ട് തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ലിസി വിഷു ദിനമായ ഇന്നലെ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. എല്ലാവർക്കും സമൃദ്ധിയും ഐശ്വര്യവും ആരോഗ്യവും സന്തോഷവും നിറഞ്ഞ ഒരു വിഷു ആശംസിക്കുന്നു, എന്ന ആശംസയ്ക്കൊപ്പം വീട്ടില്‍ ഒരുക്കിയ കണിയുടെ ചിത്രങ്ങളും ലിസി പങ്കുവച്ചിരുന്നു. ഈ പോസ്റ്റിന് താഴെയാണ് കല്യാണി- പ്രണവ് വിവാഹത്തിന് കാത്തിരിക്കുന്നതായി ഒരാള്‍ കുറിച്ചത്. ഉടന്‍ തന്നെ ഇയാള്‍ക്ക് മറുപടിയുമായി ലിസി എത്തി. ‘വ്യാജ വാര്‍ത്ത!’ എന്നായിരുന്നു പ്രസ്തുത കമന്‍റിനോടുള്ള ലിസിയുടെ പ്രതികരണം.

കല്യാണിയും പ്രണവും തമ്മില്‍ പ്രണയത്തിലാണെന്നും ഇരുവരും വിവാഹം കഴിക്കുമെന്നുമൊക്കെ പല കാലങ്ങളായി ഓണ്‍ലൈനില്‍ പ്രചരണം നടന്നിട്ടുണ്ട്. എന്നാല്‍ ഇതിന് വാസ്തവമായി ബന്ധമൊന്നുമില്ലെന്ന തരത്തില്‍ കല്യാണി തന്നെ പ്രതികരിച്ചിട്ടുണ്ട്. ഹൃദയം ഷൂട്ട് ചെയ്യുന്ന സമയത്ത് ചിത്രത്തിന്‍റെ ഹൈപ്പിന് വേണ്ടി അതിന്‍റെ നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്‍മണ്യമാണ് ഇത്തരത്തിലൊരു കാര്യം പ്രചരിപ്പിച്ചതെന്ന് താനും പ്രണവും തമാള പറയുമായിരുന്നെന്ന് കല്യാണി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.