ന്യൂഡൽഹി: വനിതാ സംവരണ ഭേദഗതിക്കും മണ്ഡല പുനർനിർണയത്തിനുമുള്ള ബില്ലിന്മേലിലുള്ള ചർച്ചയിൽ കേന്ദ്രത്തിനെതിരേ രൂക്ഷവിമർശനവുമായി പ്രിയങ്കാ ഗാന്ധി എംപി. 2023-ൽ തന്നെ പാർലമെന്റ് വനിതാ സംവരണ ബിൽ ഐക്യകണ്‌ഠേന പാസാക്കിയതാണെന്നും എന്നാൽ, അത് നടപ്പാക്കുന്നതിൽ കേന്ദ്രസർക്കാരിന് വീഴ്ചയുണ്ടായെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. വനിതാ സംവരണ ബിൽ പാസാക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് 2018-ൽ തന്നെ രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയിരുന്നതായും പ്രിയങ്കാ ഗാന്ധി ഓർമിപ്പിച്ചു.

‘2019-ഓടെ വനിതകൾക്കുള്ള സംവരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് 2018-ൽ തന്നെ രാഹുൽ ഗാന്ധി മോദിജിക്ക് ഒരു കത്തെഴുതിയിരുന്നു. പ്രധാനമന്ത്രി രാഹുൽ ഗാന്ധിയെ കളിയാക്കിയേക്കാം. പക്ഷേ, അദ്ദേഹം രാഹുലിന്റെ വാക്കുകൾ ശ്രദ്ധിക്കുന്നുണ്ട്. അതാണ് നമ്മൾ ഇന്ന് ഇതേ വിഷയം ചർച്ചചെയ്യുന്നത്”, പ്രിയങ്കാ ഗാന്ധി പരിഹാസത്തോടെ പറഞ്ഞു.

2010-ൽ യുപിഎ സർക്കാർ വനിതാ സംവരണ ബിൽ പാസാക്കാൻ സമ്മർദം ചെലുത്തിയിരുന്നതായും പ്രിയങ്കാ ഗാന്ധി പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. 2010-ൽ മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കെയാണ് കോൺഗ്രസ് വനിതാ സംവരണ ബിൽ പാസാക്കാൻ സമ്മർദം ചെലുത്തിയത്. അത് രാജ്യസഭയിൽ പാസായി. എന്നാൽ, ലോക്‌സഭയിൽ സമവായമുണ്ടാക്കാനായില്ലെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.

”ഓരോ സ്ത്രീയുടെയും ഹൃദയത്തോട് ചേർന്നുനിൽക്കുന്ന വിഷയമാണിത്. ഇതിന് ഒരു പശ്ചാത്തലവുമുണ്ട്. ഈ വിഷയം 30 വർഷമായി തടഞ്ഞുവെച്ചിരിക്കുകയാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാൽ, 1931-ൽ കോൺഗ്രസിന്റെ കറാച്ചി സമ്മേളനത്തിൽ മോത്തിലാൽ നെഹ്‌റു ഈ അവകാശങ്ങൾ പ്രമേയമായി പാസാക്കുകയും ഇന്ത്യൻ രാഷ്ട്രീയത്തിൽ സ്ത്രീകൾക്ക് തുല്യ അവകാശങ്ങൾ നൽകുന്നതിനുള്ള അടിസ്ഥാനങ്ങൾ രൂപപ്പെടുത്തുകയുംചെയ്തിരുന്നു. പഞ്ചായത്തുകളിലും നഗരപാലികകളിലും വനിതാ സംവരണത്തിനായി ബിൽ കൊണ്ടുവന്നത് രാജീവ് ഗാന്ധിയാണ്. പി.വി. നരസിംഹറാവു സർക്കാരിന്റെ കാലത്താണ് അതിനുള്ള ബിൽ പാസാക്കിയത്”, പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേർത്തു.

2023-ൽ വനിതാ സംവരണത്തിനുള്ള ബിൽ പാസാക്കിയപ്പോൾ കോൺഗ്രസ് അതിനെ പിന്തുണച്ചിരുന്നു. ഇന്നും കോൺഗ്രസ് വനിതാ സംവരണത്തെ ശക്തമായി പിന്തുണയ്ക്കുന്നു. പക്ഷേ, സത്യമെന്തെന്നാൽ ഇവിടെ ഇപ്പോൾ ചർച്ചചെയ്യുന്നത് വനിതാ സംവരണമല്ല. മണ്ഡല പുനർനിർണയം ഉൾപ്പെടുത്തി സർക്കാർ ഈ ചർച്ചയുടെ ദിശ മാറ്റിയിരിക്കുകയാണെന്നും പ്രിയങ്കാ ഗാന്ധി ആരോപിച്ചു.