തിരുവനന്തപുരം: മലയിൻകീഴ് ചൂഴാറ്റുകോട്ട ക്ഷേത്രോത്സവത്തിനിടെ ദമ്പതികളെ ഒൻപതംഗ സംഘം ക്രൂരമായി ആക്രമിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. ദമ്പതികൾ ശനിയാഴ്ച പരാതി നല്കിയെങ്കിലും കേസ് എടുത്തിരുന്നില്ല.
ശനിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. ചൂഴാറ്റുകോട്ട സ്വദേശി അനീഷ്, ഭാര്യ ശ്രീജ എന്നിവർക്കാണ് മർദനമേറ്റത്. കല്ലും കമ്പിപ്പാരയും ഉപയോഗിച്ചാണ് ഒൻപതംഗ സംഘം ദമ്പതികളെ ആക്രമിച്ചത്. അനീഷിന്‍റെ തലയ്ക്ക് സാരമായ പരിക്കുണ്ട്.
പ്രാഥമിക വിവരങ്ങൾ പ്രകാരം വാക്കുതർക്കമാണ് അക്രമത്തിൽ കലാശിച്ചത്. അനീഷിനെ മർദിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ശ്രീജയ്ക്കും മർദനമേറ്റത്. മർദനത്തിനിടെ അനീഷിന്‍റെ കഴുത്തിലുണ്ടായിരുന്ന അഞ്ചര പവന്‍റെ സ്വർണമാല അക്രമിസംഘം കവർന്നതായും പരാതിയിൽ പറയുന്നു.
സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അക്രമികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്.



