നാസിക്കിലെ ടാറ്റ കൺസൾട്ടൻസി സർവീസസിൻ്റെ (TCS) ബിപിഒ യൂണിറ്റിൽ നടന്ന ലൈംഗിക പീഡനത്തെയും മതപരിവർത്തന ശ്രമങ്ങളെയും കുറിച്ചുള്ള എഫ്‌ഐആർ (FIR) വിവരങ്ങൾ പുറത്തുവന്നു. എട്ട് യുവതികളും ഒരു യുവാവും നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ ഒമ്പത് എഫ്‌ഐആറുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

18 മുതൽ 25 വയസ്സുവരെയുള്ള ജീവനക്കാരാണ് പ്രതികളുടെ ക്രൂരതയ്ക്ക് ഇരയായത്. 2022 മുതൽ 2026 ഏപ്രിൽ വരെയുള്ള കാലയളവിൽ നടന്ന വിവിധ സംഭവങ്ങളാണ് പരാതിയിൽ ഉള്ളത്. പ്രത്യേക അന്വേഷണ സംഘം (SIT) നിലവിൽ 12 ഇരകളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

  1. 2022 ജൂലൈ മുതൽ 2026 ഫെബ്രുവരി വരെയുള്ള കാലയളവിൽ പ്രതികളായ ഡാനിഷ് ഷെയ്ഖ്, തൗസിഫ് അത്താർ, നിദ ഖാൻ എന്നിവർ ഹിന്ദു ദൈവങ്ങളെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തി പരാതിക്കാരിയുടെ മതവികാരം വ്രണപ്പെടുത്തി. പ്രതിയായ തൗസിഫ് അത്താർ യുവതിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പലതവണ പീഡിപ്പിച്ചു. മറ്റൊരു പ്രതിയായ ഡാനിഷ് ഷെയ്ഖ് കമ്പനിയുടെ ലോബിയിൽ വെച്ച് യുവതിയെ കയറിപ്പിടിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു.
     
  2. 2023 മെയ് മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ പ്രതികളായ റാസ മേമനും ഷാരൂഖ് ഖുറേഷിയും പരാതിക്കാരിയെ നിരന്തരം ശല്യം ചെയ്തു. മോശം രീതിയിൽ തുറിച്ചുനോക്കുകയും ശരീരത്തിൽ സ്പർശിക്കുകയും യുവതിയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അശ്ലീല പരാമർശങ്ങൾ നടത്തുകയും ചെയ്തു. ഇക്കാര്യം കമ്പനിയുടെ ഹെഡ് ഓഫീസറെ അറിയിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല. അധികൃതരുടെ ഈ നിസ്സംഗത പ്രതികൾക്ക് സഹായകരമായെന്ന് എഫ്‌ഐആറിൽ പറയുന്നു.
     
  3. 2022 മുതൽ 2026 ഫെബ്രുവരി വരെ പ്രതിയായ ഷാഫി ഷെയ്ഖ് മീറ്റിംഗുകൾക്കിടയിൽ പരാതിക്കാരിയുടെ മാറിടത്തിലേക്ക് തുറിച്ചുനോക്കുകയും അശ്ലീലമായി പുഞ്ചിരിക്കുകയും ചെയ്തിരുന്നു. മറ്റൊരു പ്രതിയായ തൗസിഫ്, യുവതിക്ക് കുട്ടികളില്ലാത്തതിനെ പരിഹസിക്കുകയും സ്വകാര്യ ജീവിതത്തെക്കുറിച്ച് മോശം കമന്റുകൾ പറയുകയും ചെയ്തു. കൂടാതെ ഇയാൾ യുവതിയെ കയറിപ്പിടിക്കാനും ശ്രമിച്ചു.
     
  4. 2025 മെയ് മുതൽ ഡിസംബർ വരെ തൗസിഫ് അത്താർ പരാതിക്കാരിയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് മോശം ചോദ്യങ്ങൾ ചോദിക്കുകയും തന്റെ സ്വകാര്യ ഭാഗങ്ങളിൽ തൊട്ട് അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തു. ഓഫീസിൽ ജോലി ചെയ്യുന്നതിനിടയിൽ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചതായും പരാതിയിലുണ്ട്.
     
  5. 2022 മുതൽ 2026 മാർച്ച് വരെ തൗസിഫ് അത്താർ, ഡാനിഷ്, ഷാരൂഖ് ഷെയ്ഖ്, റാസ മേമൻ എന്നിവർ പരാതിക്കാരിയെക്കൊണ്ട് നിർബന്ധിച്ച് നമസ്‌കാരം ചെയ്യിപ്പിച്ചു. ഹിന്ദു മതത്തെയും ദൈവങ്ങളെയും നിരന്തരം അധിക്ഷേപിക്കുകയും മാംസാഹാരം കഴിക്കാൻ നിർബന്ധിക്കുകയും ചെയ്തു. ഹിന്ദു മതം ഉപേക്ഷിക്കാൻ യുവതിയുടെ മേൽ സമ്മർദ്ദം ചെലുത്തിയതായും എഫ്‌ഐആർ വ്യക്തമാക്കുന്നു.
     
  6. 2024 സെപ്റ്റംബർ മുതൽ 2026 ഫെബ്രുവരി വരെയുള്ള കാലയളവിൽ പ്രതികളായ ആസിഫ് അൻസാരിയും ഷാഫി ഷെയ്ഖും സഹപ്രവർത്തകയുടെ ശരീരപ്രകൃതിയെക്കുറിച്ച് അശ്ലീല കമന്റുകൾ പറയുകയും ബോധപൂർവ്വം കാലുകളിലും മാറിടത്തിലും സ്പർശിക്കുകയും ചെയ്തു. തൗസിഫ് അത്താർ ഹിന്ദു വിരുദ്ധ പരാമർശങ്ങൾ നടത്തിയതായും ഈ പരാതിയിൽ പറയുന്നു.
     
  7. 2025 ജൂൺ മുതൽ 2026 മാർച്ച് വരെ ആസിഫ് അൻസാരി, ഷാരൂഖ് ഖുറേഷി, റുജ മേനോൻ, തൗസിഫ് അത്താർ, ഷാഫി ഷെയ്ഖ് എന്നിവർ പരാതിക്കാരിയെ നിരന്തരം പിന്തുടർന്ന് ശല്യം ചെയ്തു. അശ്ലീല വാക്കുകൾ ഉപയോഗിക്കുകയും മോശം രീതിയിൽ സ്പർശിക്കുകയും ചെയ്തതിനാണ് ഈ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
     
  8. 2025 ജനുവരി മുതൽ പ്രതികളായ റാസ മേമനും ഷാഫി ഷെയ്ഖും പരാതിക്കാരിയുടെ താല്പര്യമില്ലാതെ സ്വകാര്യ ജീവിതത്തെക്കുറിച്ച് സംസാരിക്കാൻ നിർബന്ധിച്ചു. ഷാഫി യുവതിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ശല്യം ചെയ്യുകയും റാസ മേമൻ യുവതിയുടെ ശരീരത്തെക്കുറിച്ച് അശ്ലീല പരാമർശങ്ങൾ നടത്തുകയും ചെയ്തു.
     
  9. 2026 ജനുവരി മുതൽ ഏപ്രിൽ ഒന്ന് വരെ റാസ മേമനും ഷാരൂഖ് ഖുറേഷിയും യുവതിയെ നിരന്തരം നിരീക്ഷിക്കുകയും അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തു. യുവതിയുടെ താല്പര്യമില്ലാതെ സ്വകാര്യ വിവരങ്ങൾ ചോദിച്ചറിഞ്ഞതായും പരാതിയിൽ പറയുന്നു.