വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ മധ്യസ്ഥ ചർച്ച വഴിമുട്ടിയതായി റിപ്പോർട്ട്. മധ്യസ്ഥത വഹിക്കാനുള്ള പാകിസ്താന്റെ ശ്രമം പരാജയപ്പെട്ടു. ചർച്ചയിൽ നിന്ന് ഇറാൻ പിന്മാറിയതായി ഇറാൻ വൃത്തങ്ങളെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.

വെടിനിർത്തലിനായി പാകിസ്താന്റെ നേതൃത്വത്തിൽ നടന്ന ശ്രമങ്ങൾ ഒരുവഴിത്തിരിവും ഉണ്ടാക്കിയില്ല. വരുംദിവസങ്ങളിൽ ചർച്ചകൾക്കായി ഇസ്ലാമാബാദിലേക്ക് ഉദ്യോഗസ്ഥരെ അയയ്ക്കാൻ തയ്യാറല്ലെന്ന് ടെഹ്റാൻ വൃത്തങ്ങൾ ഔദ്യോഗികമായി അറിയിച്ചതായാണ് വിവരം. അമേരിക്ക മുമ്പോട്ട് വെക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കാനാകില്ലെന്ന് ഇറാൻ വ്യക്തമാക്കി.

നിലവിൽ ഹോർമൂസ് കടലിടുക്കിന്റെ നിയന്ത്രണവും സുരക്ഷയുമാണ് ഇരു രാജ്യങ്ങളുടേയും പ്രധാന തർക്കവിഷയം. ഹോർമൂസ് കടലിടുക്ക് പൂർണ്ണമായും തുറന്നുനൽകിയാൽ വെടിനിർത്തൽ പരിഗണിക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ ഇറാൻ തയ്യാറായിരുന്നില്ല.

അതേസമയം പശ്ചിമേഷ്യയിലെ സംഘർഷം അയവില്ലാതെ തുടരുകയാണ്. ഇറാന് മുകളിൽവെച്ച് അമേരിക്കയുടെ രണ്ട് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടെന്ന അവകാശവാദവുമായി ഇറാൻ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) അറിയിച്ചു. ഒരു എഫ്15 ഇ യുദ്ധവിമാനവും ഒരു എഫ് 35 യുദ്ധവിമാനവുമാണ് വെടിവെച്ചിട്ടതെന്ന് ഇറാൻ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ആക്രമണത്തെ തുടർന്ന് വിമാനം തകരുന്നതിനു മുമ്പ് പൈലറ്റുമാർ പുറത്തേക്ക് ചാടിയതായാണ് റിപ്പോർട്ടുകൾ. വിമാനത്തിൽനിന്ന് പൈലറ്റുമാർ പാരച്യൂട്ട് ഉപയോഗിച്ച് പുറത്തേക്ക് ചാടി രക്ഷപ്പെട്ടതായും ഇത്തരത്തിൽ രക്ഷപ്പെട്ട യുഎസ് പൈലറ്റുമാർക്കായി ഇറാൻ സൈന്യവും ജനങ്ങളും തിരച്ചിൽ നടത്തിവരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു.