തൃശൂർ : സ്പെഷ്യൽ സ്കൂളിൽ അന്തേവാസി മരിച്ച സംഭവം കൊലപാതകം. സ്ഥാപനത്തിലെ കെയർ ടേക്കർ പിടിയിൽ. പാലക്കാട് വടക്കുഞ്ചേരി കണ്ണമ്പ്ര സ്വദേശി ചള്ളിപ്പറമ്പിൽ വീട്ടിൽ ശ്രീനാഥ് (35) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ കെയർടേക്കറായ തിരുവനന്തപുരം വെട്ടുതുറ പുതുവേൽ പുത്തൻവീട്ടിൽ മഹേഷ് (24) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റിയുടെ ലൈസൻസോടെ പ്രവർത്തിക്കുന്ന കൊടുങ്ങല്ലൂർ വടക്കേ നടയിലെ അനുഗ്രഹ സ്പെഷ്യൽ സ്കൂൾ എന്ന സ്ഥാപനത്തിൽ കഴിഞ്ഞ ജനുവരി 10 മുതൽ ഈ സ്ഥാപനത്തിൽ താമസിച്ചു വരികയായിരുന്ന ശ്രീനാഥിനെ ഏപ്രിൽ ഒന്നിന് രാവിലെയാണ് മുറിയിൽ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കൊടുങ്ങല്ലൂർ മോഡേൺ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.

ഈ സംഭവത്തിന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ കേസെടുക്കുകയും തുടർന്ന് നടത്തിയ ഇൻക്വസ്റ്റ് നടപടികൾക്കിടെ ശരീരത്തിൽ ഉരഞ്ഞ പാടുകൾ കണ്ടെത്തിയിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജ് ഫോറൻസിക് എച്ച്.ഒ.ഡി ഡോ. ഹിതേഷ് ശങ്കറിന്റെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് മരണത്തിലെ ദുരൂഹത പുറത്തുവന്നത്.