ഡോ. ജോർജ് എം. കാക്കനാട്

ഹൂസ്റ്റൺ: ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനി വധിക്കപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തിന്റെ മകൻ മോജ്തബ ഇറാൻ്റെ പുതിയ നേതാവായി ചുമതലയേറ്റു എന്ന വാർത്തകൾക്കിടയിൽ അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകൾ വലിയ ചർച്ചയാകുന്നു. വാഷിംഗ്ടണിൽ നടന്ന എൻആർസിസി ഫണ്ട് ശേഖരണ ചടങ്ങിൽ സംസാരിക്കവേ, ഇറാൻ്റെ നേതൃസ്ഥാനം ഏറ്റെടുക്കാൻ ആരും ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ് പരിഹാസരൂപേണ പറഞ്ഞു.

ഇറാനികൾ തന്നെ ആ പദവി ഏറ്റെടുക്കാൻ ക്ഷണിക്കുന്നതായി തമാശരൂപേണ അവതരിപ്പിച്ച അദ്ദേഹം, അമേരിക്കയെ ഭയന്നാണ് പലരും ഈ സ്ഥാനം ഏറ്റെടുക്കാൻ മടിക്കുന്നതെന്നും അവകാശപ്പെട്ടു. നിലവിൽ ഇറാൻ ഒരു കരാറിനായി തീവ്രമായി ആഗ്രഹിക്കുന്നുണ്ടെങ്കിലും സ്വന്തം ജനതയെയോ അമേരിക്കയെയോ ഭയന്ന് അത് പുറത്തുപറയാൻ അവർക്ക് സാധിക്കുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.

സത്യസന്ധമായ ചർച്ചകൾക്ക് ഇറാൻ ഉടൻ തയ്യാറാകണമെന്നും അല്ലാത്തപക്ഷം സ്ഥിതിഗതികൾ വഷളാകുമെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകി. എന്നാൽ അമേരിക്കയുടെ അവകാശവാദങ്ങൾ തള്ളിക്കളഞ്ഞ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, നിലവിൽ വാഷിംഗ്ടണുമായി നേരിട്ടുള്ള ചർച്ചകളൊന്നും നടക്കുന്നില്ലെന്ന് വ്യക്തമാക്കി.

അമേരിക്ക സമർപ്പിച്ച 15 ഇന നിർദ്ദേശങ്ങൾ ഇറാൻ പരിശോധിക്കുന്നുണ്ടെങ്കിലും സന്ദേശങ്ങൾ കൈമാറുന്നത് ഔദ്യോഗിക ചർച്ചയായി കാണാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ആണവായുധങ്ങൾ ഉപേക്ഷിക്കുക, മിസൈൽ പരീക്ഷണങ്ങൾ നിയന്ത്രിക്കുക, ഹിസ്ബുള്ളയും ഹമാസും ഉൾപ്പെടെയുള്ള ഗ്രൂപ്പുകൾക്കുള്ള പിന്തുണ അവസാനിപ്പിക്കുക തുടങ്ങിയ നിബന്ധനകളാണ് അമേരിക്ക മുന്നോട്ട് വെച്ചിരിക്കുന്നത്.

ഇതിന് മറുപടിയായി ഇറാൻ തങ്ങളുടെ അഞ്ചിന ആവശ്യങ്ങൾ അമേരിക്കയെ അറിയിച്ചിട്ടുണ്ട്. അമേരിക്കൻ-ഇസ്രായേൽ ആക്രമണങ്ങളും കൊലപാതകങ്ങളും പൂർണ്ണമായും നിർത്തലാക്കുക, യുദ്ധം വീണ്ടും ആരംഭിക്കില്ലെന്ന് ഉറപ്പ് നൽകുക, നാശനഷ്ടങ്ങൾക്കുള്ള നഷ്ടപരിഹാരം നൽകുക, ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം ഇറാനെ ഏൽപ്പിക്കുക, മേഖലയിലെ ഇറാന്റെ സഖ്യകക്ഷികൾക്കെതിരായ ഇസ്രായേൽ ആക്രമണങ്ങൾ അവസാനിപ്പിക്കുക എന്നിവയാണ് ഇറാന്റെ പ്രധാന ആവശ്യങ്ങൾ.

അമേരിക്കയും ഇസ്രായേലും നടത്തിയ വ്യോമാക്രമണങ്ങളെത്തുടർന്ന് ആരംഭിച്ച ഈ യുദ്ധം, ഗൾഫ് മേഖലയിലെ അമേരിക്കൻ സഖ്യകക്ഷികൾക്ക് നേരെ ഇറാൻ നടത്തിയ തിരിച്ചടികളോടെ കൂടുതൽ സങ്കീർണ്ണമായി തുടരുകയാണ്. അതിനിടെ ട്രംപിന്റെ പ്രസ്താവനകൾ ആശയക്കുഴപ്പം കൂട്ടുന്നതിന് മാത്രം ആണ് ഉപകരിക്കുന്നത്.